മലപ്പുറം: എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ആരംതൊടിയിൽ സ്വദേശി അഷ്റഫിന്‍റെ വീട്ടുമുറ്റത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്.
കാറും ബോലോറോയും ഥാറുമാണ് കത്തി നശിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സമീപവാസികളാണ് വാഹനത്തിന് തീപിടിച്ചത് കണ്ടത്. വീടിന്‍റെ ഒരു വശത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.
ആരെങ്കിലും തീ മനപൂർവം കത്തിച്ചതാണോ എന്ന സംശയമാണ് വീട്ടുകാർ മുന്നോട്ടു വയ്ക്കുന്നത്. എടവണ്ണ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.