തൃശൂർ നാട്ടിക വാഹനാപകടം; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

ഇരുവർക്കുമെതിരെ മനഃപൂർവമായ നരഹത‍്യക്ക് കേസെടുത്തു
Thrissur nattika vehicle accident; Driver and cleaner arrested
തൃശൂർ നാട്ടിക വാഹനാപകടം; ഡ്രൈവറും, ക്ലീനറും അറസ്റ്റിൽ
Updated on

തൃശൂർ: തൃശൂരിൽ തടി ലോറി പാഞ്ഞുകയറി അഞ്ച് പേരുടെ മരണത്തിനിടെയാക്കിയ സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലക്കോട് സ്വദേശികളായ അലക്സിനെയും ജോസിനെയുമാണ് (ഡ്രൈവർ) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരേ മനഃപൂർവമായ നരഹത‍്യക്ക് കേസെടുത്തു.

ക്ലീനറാണ് വണ്ടിയോടിച്ചതെന്നാണ് നിഗമനം. ഇയാൾക്ക് ലൈസൻസില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മദ‍്യ ലഹരിയിലായിരുന്നുവെന്ന് വൈദ‍്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഡ്രൈവറെയും ക്ലീനറെയും വിശദമായി ചോദ‍്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഡ്രൈവർ ജോസ് പൊന്നാനിയിൽ വച്ചാണ് ക്ലീനർ അലക്സിന് വാഹനം കൈമാറിയത്. പിന്നീട് ഇയാൾ ഡിവൈഡറും ബാരിക്കേഡും കാണാതെ വണ്ടി മുന്നോട്ടെടുക്കുകയും, ഉറങ്ങിക്കിടക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. സംഭവത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ഇരുവരെയും നാട്ടുകാർ പിടികൂടിയാണ് പൊലീസിനെ ഏൽപ്പിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെ നാട്ടിക ജെകെ തിയെറ്ററിനടുത്താണ് സംഭവം. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവച്ചു തന്നെ അഞ്ച് പേർ മരിച്ചു.

കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (30), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ 2 കുട്ടികളുമുണ്ട്. മരിച്ച മറ്റൊരു കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Trending

No stories found.

Latest News

No stories found.