പൂരനഗരിയിൽ ആംബുലന്‍സില്‍ എത്തിയ സംഭവം: സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്

തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്.
thrissur pooram ambulance misuse case registered against Suresh Gopi
സുരേഷ് ഗോപിfile
Updated on

തൃശൂര്‍: പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് എഫ്‌ഐആര്‍. സുരേഷ് ഗോപിക്ക് പുറമേ അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 279,34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമം 179, 184, 188, 192 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ലോക്‌സഭാ ഇലക്ഷന്‍ പ്രചാരണ തന്ത്രത്തിന്‍റെ ഭാഗമായി രോഗികളെ മാത്രം കൊണ്ടുവരാന്‍ അനുവാദമുള്ള ആംബുലന്‍സ് ഉപയോഗിച്ചു. പൂരത്തിന്‍റെ ഭാഗമായ വാഹന നിയന്ത്രണം നിലനില്‍ക്കെ അത് ലംഘിച്ചുകൊണ്ട് ആംബുലന്‍സ് റൗണ്ടിലൂടെ ഓടിച്ചു. മനുഷ്യജീവന് ഹാനി വരുത്താന്‍ സാധ്യതയുള്ള രീതിയില്‍ ജനത്തിനിടയിലൂടെ അപകടകരമായ രീതിയില്‍ ആംബുലന്‍സ് ഓടിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടു പരാതികളാണുള്ളത്. നേരത്തെ തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നു. ഇതിൽ അന്വേഷണം നടത്തിവരികയാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഒന്ന് പൊലീസും മറ്റൊന്ന് മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷിക്കുന്നത്.

പൂരദിവസം ആംബുലന്‍സില്‍ വന്ന കാര്യം ആദ്യം തള്ളിപ്പറഞ്ഞ സുരേഷ് ഗോപി, പിന്നീട് ആംബുലന്‍സിലെത്തിയതായി സമ്മതിച്ചിരുന്നു. ആംബുലൻസിലല്ല, കാറിലാണ് പൂര നഗരിയിലെത്തിയതെന്നും, ''തന്തയ്ക്കു പിറന്നവരാണെങ്കിൽ'' സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നുമായിരുന്നു കഴിഞ്ഞ ദിസവത്തെ വെല്ലുവിളി. ഇതാണ് പിന്നീട് കേന്ദ്ര മന്ത്രി സ്വയം വിഴുങ്ങിയത്.

Trending

No stories found.

Latest News

No stories found.