തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതു തന്നെ എന്ന് പൊലീസ് എഫ്ഐആർ

പൂരം അലങ്കോലപ്പെടുത്താൻ പ്രതികൾ പരസ്പരം സഹായിച്ചുവെന്നും റിപ്പോർട്ട്
thrissur pooram row
തൃശൂർ പൂരംഫയൽ ചിത്രം
Updated on

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പുറത്തുവന്ന പൊലീസിന്‍റെ എഫ്ഐആർ. ഗൂഢാലോചന കൂടാതെ, ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കൽ, സർക്കാരിനെതിരായ കലാപത്തിനുള്ള ശ്രമം, മതപരമായ ആചാരങ്ങൾ തടസപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അതേസമയം, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരുടെയും പേരുകൾ ഇതിൽ പരാമർശിക്കുന്നില്ല. പൂരം അലങ്കോലപ്പെടുത്താൻ പ്രതികൾ പരസ്പരം സഹായിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.

മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ.സി. ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിലുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശിന്‍റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതേ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ.

തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങൾക്കിടെയാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. ഈ മാസം 3നാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. 9 ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷേ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്.

ത്രിതല അന്വേഷണമാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ നേതൃത്വത്തിൽ നേരത്തെ നടത്തിയ അന്വേഷണത്തെത്തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ഗൂഢാലോചന ഉൾപ്പെടെയുള്ള സംശയങ്ങളെക്കുറിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.

തൃശൂര്‍ പൂരം കലങ്ങിയില്ലെന്നും, ചടങ്ങുകളെല്ലാം കൃത്യമായി നടന്നു, വെടിക്കെട്ട് വൈകുക മാത്രമാണ് ഉണ്ടായതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ഈ വാക്കുകളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം വിപരീതമായാണ് ഇപ്പോൾ പൊലീസിന്‍റെ എഫ്ഐആർ തെളിയിക്കുന്നത്.

Trending

No stories found.

Latest News

No stories found.