പത്തനംതിട്ട : പമ്പ ഗണപതികോവിൽ ഭാഗത്ത് പുലിയിറങ്ങി 6 നായ്ക്കളെ പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണു പമ്പ ഗണപതികോവിൽ ഭാഗത്തുള്ള ദേവസ്വം ഗാർഡ് റൂമിനു സമീപം പുലിയെ കണ്ടത്. നായ്ക്കളുടെ കുര കേട്ട് ദേവസ്വം ഗാർഡ് നോക്കിയപ്പോൾ മുറിക്കു മുൻപിലെ റോഡിൽ പതുങ്ങിയിരിക്കുന്ന പുലിയെ കണ്ടു. ഉടൻ പമ്പ പൊലീസിലും വനപാലകരെയും വിവരം അറിയിച്ചു. ഗണപതികോവിൽ ഭാഗത്ത് വളർത്തുന്നതടക്കം 7 നായ്ക്കളാണ് ഉണ്ടായിരുന്നത്. വളർത്തുനായയെ രാത്രി കെട്ടിടത്തിനുള്ളിൽ കെട്ടിയിട്ടതിനാൽ പുലിക്കിരയായില്ല. പുറത്തുണ്ടായിരുന്ന മറ്റ് ആറു നായ്ക്കളേയും പുലി പിടിച്ചു.
തീർത്ഥാടനം സാമപിച്ചതോടെ നിലവിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വഴിവിളക്കുകൾ ഒന്നും പ്രകാശിപ്പിക്കുന്നില്ല . ഗണപതികോവിൽ, പമ്പാ മണൽപ്പുറം, ത്രിവേണി പെട്രോൾ പമ്പ്, പൊലീസ് സ്റ്റേഷൻ, മരാമത്ത് ഓഫിസ് എന്നിവിടങ്ങളിലെ വഴിവിളക്കുകൾ കത്തിക്കാത്തതിനാൽ അവിടെയുള്ള ജീവനക്കാർ വൈകിട്ട് 5.30ന് ശേഷം പുറത്തിറങ്ങാറില്ല. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ വഴിവിളക്കുകൾ കത്തിക്കേണ്ടതില്ലെന്നു ദേവസ്വം ബോർഡ് കെഎസ്ഇബിക്കു കത്ത് നൽകിയിട്ടുണ്ട്. എന്നാൽ 375 കോടി രൂപയിലധികം മണ്ഡല മകര വിളക്ക് സമയത്ത് വരുമാനം ലഭിചിട്ടും പ്രധാന സ്ഥലങ്ങളിൽ പോലും വഴി വിളക്കുകൾ പ്രകാശിപ്പിക്കാത്തത് ശരിയല്ല എന്നാണ് ഇവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന ജോലിക്കാർ പറയുന്നത്. പുലി ഇറങ്ങിയ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത്യാവശ്യ സ്ഥലങ്ങളിലെ വഴിവിളക്കുകളെങ്കിലും കത്തിക്കണമെന്ന് ആവശ്യപ്പെട്ട് പമ്പ പൊലീസ് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡിനും ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടർ എന്നിവർക്കും സന്ദേശം നൽകിയിട്ടുണ്ട്. പക്ഷേ ഇനിയും നടപടികൾ ഉണ്ടായിട്ടില്ല.
തീർഥാടനം കഴിഞ്ഞതോടെ പമ്പയിൽ കാട്ടാനശല്യവും രൂക്ഷമാണ്. ഗാർഡ് റൂമിനു തൊട്ടുതാഴെ കരിക്കു വിൽപന കേന്ദ്രം പ്രവർത്തിച്ച ഭാഗം, സ്വാമി അയ്യപ്പൻ റോഡ്, ത്രിവേണി, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ കാട്ടാനകൾ മിക്ക ദിവസങ്ങളിലും ഇറങ്ങുന്നുണ്ട്.