പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും; പുതുക്കിയ നിരക്ക് ഇങ്ങനെ

തുരങ്കത്തില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ടോള്‍ തുകയില്‍ കുറവു നല്‍കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെടുമ്പോഴാണു ഇപ്പോൾ നിരക്കു വര്‍ധന
toll rates at panniyankara will increase from midnight today
പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും
Updated on

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും. കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 110 രൂപയാണ് പുതിയ നിരക്ക്. മടക്കയാത്രയും കൂടി ചേരുമ്പോള്‍ ഇത് 165 രൂപയാകും. നേരത്തെ 160 രൂപയായിരുന്നു.

ഏപ്രില്‍ 1 മുതല്‍ ‌ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞടുപ്പു കാലത്തു വര്‍ധന വേണ്ടെന്നു ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു നീട്ടിവച്ച വര്‍ധനയാണ് ഞായറാഴ്ച മുതല്‍ നടപ്പാക്കുക. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ പ്രദേശവാസികളായ യാത്രക്കാർ ഇപ്പോൾ സൗജന്യയാത്ര തുടരുന്നുണ്ടെങ്കിലും അതും പിൻവലിക്കുമെന്നാണു സൂചന.

2022 മാര്‍ച്ച് 9 മുതലാണു പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. പന്നിയങ്കരയില്‍ പിരിക്കുന്ന ടോള്‍ നിരക്കിന്‍റെ 60 ശതമാനം തുക ഈടാക്കുന്നതു കുതിരാന്‍ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. 40 ശതമാനം തുകയാണു റോഡിലൂടെ പോകുന്നതിന് ഈടാക്കുന്നത്. കുതിരാന്‍ ഇരട്ടത്തുരങ്കങ്ങളില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കത്തില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഒരു തുരങ്കത്തിലൂടെ മാത്രമാണു വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാല്‍ ടോള്‍ തുകയില്‍ കുറവു നല്‍കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെടുമ്പോഴാണു നിരക്കു വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.

പന്നിയങ്കര പുതുക്കിയ നിരക്ക് ഇങ്ങനെ:

മിനി ബസ്, ചെറിയ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് 170 രൂപയാണ് (വണ്‍സൈഡ്) പുതിയ നിരക്ക്. നേരത്തെ ഇത് 165 രൂപയായിരുന്നു. മടക്ക യാത്രയും കൂടി ചേര്‍ക്കുമ്പോള്‍ നിരക്ക് കൂടും. 250ല്‍ നിന്ന് 255 രൂപയായാണ് വര്‍ധിപ്പിച്ചത്. ബസ്, ട്രക്ക് ( രണ്ട് ആക്‌സില്‍) എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 350 രൂപയാണ് പുതുക്കിയ നിരക്ക് (340 പഴയനിരക്ക്). മടക്കയാത്ര കൂടി ചേരുമ്പോള്‍ നിരക്ക് 510ല്‍ നിന്ന് 520 രൂപയായി ഉയരും. വലിയ വാഹനങ്ങള്‍ക്ക് ( 3-6 ആക്‌സില്‍) ഒരു വശത്തേയ്ക്ക് 530 രൂപയാണ് പുതിയ നിരക്ക്. 515ല്‍ നിന്നാണ് ടോള്‍ നിരക്ക് ഉയര്‍ത്തിയത്. ഏഴില്‍ കൂടുതല്‍ ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേയ്ക്ക് 685 രൂപ നല്‍കണം. നേരത്തെ ഇത് 665 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ 1000 രൂപയായി നിരക്ക് ഉയരും (1025 പഴയനിരക്ക്)

Trending

No stories found.

Latest News

No stories found.