ഉദ്യോഗസ്ഥ നിയന്ത്രണം പാളി; സർക്കാർ വിയർക്കുന്നു

തലസ്ഥാനത്ത് 5 ദിവസം കുടിവെള്ള വിതരണം അട്ടിമറിച്ചതിലാണ് ഉദ്യോഗസ്ഥ വീഴ്ച വന്നെത്തി നിൽക്കുന്നത്.
kerala government
ഉദ്യോഗസ്ഥ നിയന്ത്രണം പാളി; സർക്കാർ വിയർക്കുന്നുfile
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: ഉദ്യോഗസ്ഥ നിയന്ത്രണം പാളിയതോടെ രണ്ടാം എൽഡിഎഫ് സർക്കാർ വിയർക്കുന്നു. എഡിജിപി എം.ആർ. അജിത് കുമാർ പൊലീസ് മേധാവിയെ മറികടക്കുന്നു എന്ന ആക്ഷേപം വ്യാപകമായിട്ടും അതിൽ ഇടപെടാനോ പ്രശ്നം പരിഹരിക്കാനോ തയാറാവാതെ മുഖ്യമന്ത്രിയുടെ ഓഫിസും പൊളിറ്റിക്കൽ സെക്രട്ടറിയും കേവലം കാഴ്ചക്കാർ മാത്രമായതാണ് ഇപ്പോൾ സർക്കാരിനെയും സിപിഎമ്മിനെയും പിടിച്ചുകുലുക്കിയ വിവാദമായി വളർന്നത്. ഏറ്റവുമൊടുവിൽ തലസ്ഥാനത്ത് 5 ദിവസം കുടിവെള്ള വിതരണം അട്ടിമറിച്ചതിലാണ് ഉദ്യോഗസ്ഥ വീഴ്ച വന്നെത്തി നിൽക്കുന്നത്.

കഴിഞ്ഞയാഴ്ച സർക്കാരിന്‍റെ ഒരുത്തരവും കൂടാതെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിലെ ഉദ്യോഗസ്ഥർ നിലവിലുണ്ടായിരുന്ന എൻജിനീയറിങ് പ്രവേശന രീതി മാറ്റി നിലനിന്ന സംവരണ രീതി അട്ടിമറിക്കുകയായിരുന്നു. അത് വൻ പരാതി ആയപ്പോൾ സംവരണം അട്ടിമറിച്ച് രൂപപ്പെടുത്തിയ വിവാദ പ്രവേശന പട്ടിക സർക്കാർ ഇടപെട്ട് റദ്ദാക്കേണ്ടിവന്നു. ഇതുമൂലം ഒട്ടേറെ വിദ്യാർഥികൾ പ്രവേശനത്തിന് കോളെജുകളിലെത്തി നിരാശരായി മടങ്ങേണ്ടിവന്നു.

വേണ്ടത്ര കൂടിയാലോചനയോ ചർച്ചയോ ഇല്ലാതെ ഉത്തവിറക്കുകയും എതിർപ്പ് രൂക്ഷമാവുമ്പോൾ അത് റദ്ദാക്കി തടിതപ്പുകയും ചെയ്യുന്ന രീതിയാണ് സർക്കാരിന്‍റേത്. സമഗ്രശിക്ഷാ കേരളം പദ്ധതിയിൽ ഒഴിവുവന്ന ജില്ലാ അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്ക് 6 സെക്രട്ടേറിയറ്റ് ജീവനക്കാരെ നിയമിക്കുകയും 2 മാസത്തെ സേവനത്തിനുശേഷം എൻജിഒ യൂണിയന്‍റെ എതിർപ്പിനെ തുടർന്ന് അവരെ തിരികെ വിളിക്കുകയും ചെയ്തത് ഇതിൽ ഏറ്റവുമൊടുവിലത്തേതാണ്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ ‌പരിധിയിൽ സർവീസ് നടത്തുന്നതിന് കരാറുണ്ടാക്കിയ ഇ ബസുകൾ മറ്റ് ജില്ലകളിലേക്ക് സർവീസ് നടത്താനുള്ള കെഎസ്ആർടിസി, ഗതാഗ‌ത വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം മറ്റൊരുദാഹരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി രണ്ടും മൂന്നും വർഷമായി കുഴിച്ച് മറിച്ചിട്ടിരുന്ന റോഡുകൾ വൻ പ്രക്ഷോഭത്തെ തുടർന്ന് സ്കൂൾ തുറക്കുന്നതിനു മുമ്പ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. അതിനുശേഷം മാസങ്ങൾ കഴിഞ്ഞെങ്കിലും ഈ റോഡുകളുടെ പണി മുന്നോട്ടു നീങ്ങിയിട്ടില്ല. അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണം സെക്രട്ടേറിയറ്റിന്‍റെ തൊട്ടുമുന്നിൽ ജനറൽ ആശുപത്രിയിലേക്കുള്ള റോഡാണ്.

ആരും നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഇല്ലാത്തതിനാൽ ഒരുവിഭാഗം ഉദ്യോഗസ്ഥർ സർക്കാരിനെതിരേ ജനങ്ങളെ തിരിക്കുകയാണെന്ന പരാതി വ്യാപകം. എന്നാൽ, അത് വിലയിരുത്താനോ പരിശോധിക്കാനോ ഒരു നടപടിയുമില്ല. വന്യമൃഗ ശല്യത്തിൽ പരാതിപ്പെട്ടവരോട് വണ്ടിക്ക് ഡീസലില്ലെന്നു പറഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ സിപിഎം നേതാക്കൾക്ക് പ്രതിഷേധിക്കേണ്ടി വന്നത് കഴിഞ്ഞ ദിവസമാണ്.

"സ്വന്തം' ഇടങ്കോൽ

സിപിഎം സംഘടനകൾ തമ്മിലുള്ള തർക്കം പലപ്പോഴും നാണക്കേടും കൈയാങ്കളിക്കും കാരണമാകുന്നുണ്ടെങ്കിലും അതൊന്നും ചർച്ച ചെയ്യാനോ പരിഹരിക്കാനോ സംവിധാനമില്ല. സിപിഎം സർവീസ് സംഘടനകളും ഇതര എൽഡിഎഫ് സർവീസ് സംഘടനകളും മിക്കവാറും ഓഫിസുകളിൽ ഏറ്റുമുട്ടലിന്‍റെ പാതയിലാണ്. ഭരണ മുന്നണിയുമായി ബന്ധപ്പെട്ട സർവീസ് സംഘടനകളുടെ ചേരിതരിവു മൂലം ഉന്നത ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ പല സുപ്രധാന ഫയലുകളും മാറ്റിവച്ച് ഉദ്യോഗസ്ഥർ തടിതപ്പുന്നു.

Trending

No stories found.

Latest News

No stories found.