കളമശേരി: എച്ച്എംടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് ക്രമീകരണം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എന്നിവർ പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തിൽ എച്ച്എംടി ജംഗ്ഷൻ, ഇടപ്പള്ളി ടോൾ, ടിവിഎസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഒരു ഭാഗത്തേക്കുള്ള ഗതാഗതം ഒറ്റ വരിയായി മാത്രം ചുരുക്കി ഗതാഗതക്കുരുക്ക് അഴിക്കാനാണ് തീരുമാനം. തിങ്കളാഴ്ച പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നിർദേശം അന്തിമമാക്കും.
ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശേരി ആര്യാസ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്എംടി ജംഗ്ഷൻ വഴി ടിവിഎസ് കവലയിലെത്തി എത്തി ദേശീയ പാതയിൽ പ്രവേശിക്കണം. എറണാകുളത്ത് നിന്ന് എച്ച്.എം.ടി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ടിവിഎസ് കവലയിൽ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം ആര്യാസ് ജംഗഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എച്ച്എംടി ജംഗ്ഷനിലെത്തണം. മെഡിക്കൽ കോളേജ്, എൻ.എ.ഡി റോഡ് എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എച്ച്എംടി ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്നത് തടയും. ഈ വാഹനങ്ങൾ ടിവി എസ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പോകണം. സൗത്ത് കളമശേരി ഭാഗത്ത് നിന്ന് എച്ച്എംടി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ടിവിഎസ് കവലയിൽ നിന്ന് ആര്യാസ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകണം. ആര്യാസ് ജംഗ്ഷൻ മുതൽ ടിവിഎസ് കവല വരെ ഒരു റൗണ്ട് ആയി ഒറ്റവരി ഗതാഗതം നടപ്പാക്കുന്നതിലൂടെ സിഗ്നൽ ക്രോസിംഗ് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രിമാർ പറഞ്ഞു.
എച്ച്.എം.ടി. ജംഗ്ഷൻ വികസനത്തിന് വേണ്ടി 10 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇത് നടപ്പാകുന്നതോടെ സുഗമമായ ഗതാഗതം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.