കൊച്ചി: വസ്തുവിന്റെ കൈവശാവകാശം മറ്റൊരാൾക്കു കൈമാറി രജിസ്റ്റർ ചെയ്യാൻ മുന്നാധാരം നിർബന്ധമല്ലെന്നു ഹൈക്കോടതി. രജിസ്ട്രേഷനിലൂടെ ഒരു വ്യക്തി അയാളുടെ പക്കലുള്ള അവകാശമാണു മറ്റൊരാള്‍ക്കു കൈമാറുന്നത്.
അതുകൊണ്ടു തന്നെ മുന്‍കാല ആധാരം ഹാജരാക്കണമെന്ന് പറഞ്ഞ് രജിസ്ട്രേഷന് നിഷേധിക്കാന്‍ സാധിക്കില്ല. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂർ സ്വദേശി ബാലചന്ദ്രന്, പ്രേമകുമാരന് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
കൈവശാവകാശം കൈമാറി രജിസ്ട്രേഷന് നടത്താന്‍ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നതു സബ് രജിസ്ട്രാര്‍മാര്‍ നോക്കേണ്ടതില്ലെന്നും മറ്റൊരു കേസില്‍ ഹൈക്കോടതി വിധിച്ചിട്ടുള്ളതു കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ക്കു ലഭ്യമായ അവകാശം മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
പ്രമാണത്തിലെ വാചകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥത ഉള്‍പ്പെടെ അവകാശങ്ങള്‍ അന്തിമമായി സ്ഥാപിക്കപ്പെടുന്നില്ലെന്നും മുന്‍ ഉത്തരവിലുണ്ട്. രജിസ്ട്രേഷന് നിയമത്തിലെ പതിനേഴാം വകുപ്പ് പ്രകാരം മുന്നാധാരം നിഷ്കര്‍ഷിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കൈവശാവകാശം പോലും കൈമാറ്റം ചെയ്യാനാകുമെന്നും സര്‍ക്കാര്‍ ഭൂമിയല്ലാത്തതിനാല്‍ രജിസ്ട്രേഷന് നിഷേധിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. മറ്റു നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് ഹര്‍ജിക്കാര്‍ക്കു രജിസ്ട്രേഷന് അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു.