കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജ് മാതൃശിശു കേന്ദ്രത്തില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ കണ്ടെത്തിയ പാടുകൾ മർദനമേറ്റതിന്‍റെ പാടുകൾ അല്ലെന്നും അത് മരത്തിൽ കയറുമ്പോൾ ഉരഞ്ഞുണ്ടായതാണെന്നും ഫോറന്‍സിക് സർജന്‍ എസ്പിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
ഭാര്യ ബിന്ദുവിന്‍റെ പ്രസവത്തിനായാണ് വിശ്വനാഥന്‍ ആശുപത്രിയിലെത്തിയത്. വയനാട് മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചു മര്‍ദ്ദിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു കുടുംബത്തിന്‍റെ പരാതി. ഇവിടെവച്ച് ആരുടെയോ മൊബൈല്‍ ഫോണും പണവും നഷ്ടപ്പെടുകയും, ആ കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദ്ദിച്ചു എന്നുമാണ് പരാതി. ഇതേത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിശ്വനാഥനെ പഴയ പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മര്‍ദ്ദനം മൂലമുണ്ടായ മനോവിഷമത്തില്‍ വിശ്വനാഥന്‍ തൂങ്ങിമരിച്ചതാണെന്നും, മറ്റൊരു പ്രശ്‌നവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നു കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം, മരിച്ച വിശ്വനാഥന്‍റെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. യുവാവിന്‍റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്നും സംഭവത്തെക്കുറിച്ച് കളക്‌ടറോടും പൊലീസ് മേധാവിയോടും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു.