തൃശൂർ: ഡിസിസി ഓഫിസിലെ കയ്യാങ്കളിയിൽ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെതിരെ കേസ്. വള്ളൂരിനും കണ്ടാലറിയാവുന്ന ഇരുപതുപേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കെ.മുരളീധരന്‍റെ ഉറ്റ അനുയായിയായ ഡിസിസി സെക്രട്ടറി സജീവൻ കുര്യചിറയുടെ പരാതിയിലാണ് കേസ്.
കോൺഗ്രസ് പാർട്ടിക്കുതന്നെ അപമാനമുണ്ടാക്കിയ സംഭവത്തിൽ പാർട്ടി തന്നെ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് വിവരം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണഉഗോപാൽ ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ കെ.യ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം.
അതേസമയം തൃശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്തെ തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബെഹന്നാന്‍റെ പേരിനാണ് പ്രാഥമിക പരിഗണന. കെ.മുരളീധരന്‍റെ തോൽവിക്കു പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് കയ്യാങ്കളിയിൽ വന്ന് കലാശിച്ചത്. ഇതിനു പിന്നാലെയാണ് കെ പിസിസി, എഐസിസി നേതൃത്വങ്ങൾ ഇടപെട്ടത്.