#എം.എ. ഷാജി
തൃശൂർ: കേരളത്തിൽ അലയടിച്ച "തൃശൂർ ഞാൻ ഇങ്ങ് എടുക്കുവാ' എന്ന സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ വൈറൽ മാസ് ഡയലോഗ് ചരിത്രത്തിലേക്ക്. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ കേരളത്തിലാദ്യമായി ലോകസഭയിലേക്ക് താമര വിരിഞ്ഞു. അതിശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ അദ്ദേഹത്തിന് 74,686 വോട്ടുകളുടെ വിജയമാണുണ്ടായത്.
എതിരാളികളെ തുടക്കം മുതൽ ഒടുക്കംവരെ നിഷ്പ്രഭരാക്കിയാണ് സുരേഷ് ഗോപി ഡൽഹിയിലേക്ക് പോകുന്നത്. യുഡിഎഫ് തരംഗം കേരളത്തിലാകെ അലയടിച്ചപ്പോൾ സാംസ്കാരിക തലസ്ഥാനത്ത് അതിശക്തനായ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരനെ മൂന്നാം സ്ഥാനത്തേക്കു തള്ളി എന്നതാണു ശ്രദ്ധേയം. സംസ്ഥാനത്ത് ബിജെപി ആദ്യ അക്കൗണ്ട് തുറന്നത് ദേശീയതലത്തിലും വലിയ ശ്രദ്ധ നേടി.
"എനിക്ക് തൃശൂർ വേണം, നിങ്ങളെനിക്ക് തൃശൂർ തരണം, തൃശൂർ ഞാൻ ഇങ്ങ് എടുക്കുവാ' എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ ഡയലോഗ് ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നാമങ്കത്തിൽ മിന്നും വിജയം നേടിയാണ് സുരേഷ് ഗോപി തന്റെ മാസ് ഡയലോഗ് യാഥാർഥ്യമാക്കിയത്. തൃശൂർക്കാരോട് അദ്ദേഹം നടത്തിയ ആവശ്യം ഇത്തവണ അവർ അംഗീകരിച്ചു. 2019ല് ലോക്സഭയിലേക്കും 2021ല് നിയമസഭയിലേക്കും തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും രണ്ടു തവണയും അദ്ദേഹം മൂന്നാം സ്ഥാനത്തായി. പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസത്തോടെ വർഷങ്ങളായി മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോൾ ഇക്കുറി ചരിത്ര വിജയം നേടി തൃശൂരിനെ ഇങ്ങ് എടുക്കുകയായിരുന്നു.
തപാൽ വോട്ടുകൾ എണ്ണിയതു മുതൽ ഓരോ ഘട്ടത്തിലും സുരേഷ് ഗോപിക്കു തന്നെയായിരുന്നു ലീഡ്. ഓരോ റൗണ്ടിലും ലീഡ് വർധിച്ചു. ഒരു തവണ പോലും എതിർ സ്ഥാനാർഥികൾക്ക് സുരേഷ് ഗോപിയെ മറികടക്കാനായില്ല. മനുഷ്യസ്നേഹിയും നടനുമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം തൃശൂരിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിപ്പിക്കാൻ സഹായിച്ചു.
യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃശൂരിൽ കോൺഗ്രസിലെ കെ. മുരളീധരൻ മൂന്നാം സ്ഥാനത്താണ്. എൽഡിഎഫിന്റെ അഡ്വ. വി.എസ്. സുനിൽകുമാർ രണ്ടാം സ്ഥാനത്ത്. പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ. മുരളീധരൻ വടകര വിട്ട് തൃശൂരിലെത്തിയത്. മുൻ മന്ത്രിയും നാട്ടുകാരനുമായ സുനിൽകുമാറിനെ എൽഡിഎഫും രംഗത്തിറക്കിയതോടെ മത്സരം തീപാറി.
2019ൽ 77.86 ശതമാനമായിരുന്നു തൃശൂരിലെ പോളിങ്. 2024ൽ പോളിങ് ശതമാനം 72.9. പോളിങ് 5 ശതമാനം കുറഞ്ഞിട്ടും തൃശൂരിൽ ഇപ്രാവശ്യം ബിജെപി നേടിയ അപ്രതീക്ഷിത വിജയം എൽഡിഎഫിനും യുഡിഎഫിനും കനത്ത തിരിച്ചടിയാണ്. കോൺഗ്രസിൽ ഇതൊരു വലിയ വിവാദത്തിനും വഴിതുറക്കും.