പാലക്കാട്: സന്ദീപ് വാര്യർ ബിജെപി വിട്ടത് നന്നായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തങ്ങൾക്ക് നയമാണ് പ്രധാനം. ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. ഒരു ബൂർഷ്വാ പാർട്ടിയിൽ നിന്നും മറ്റൊരു ബൂർഷ്വാ പാർട്ടിയിലേക്ക് ചേക്കേറിയെന്ന് മാത്രമേ ഇതിൽ കാണാനുളളൂ. സന്ദീപ് അല്ല മറ്റ് ആര് വന്നാലും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വ്യക്തിപരമായ പ്രശ്നങ്ങളുൾപ്പെടെ വന്നതോടെയാണ് സന്ദീപ് വാര്യർ ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് മാറിയത്.
ബി.ജെ.പി നേതൃത്വവുമായി അദ്ദേഹം പല വിഷയങ്ങളിൽ അഭിപ്രായ ഭിന്നത വന്നു. സിപിഎമ്മിനെ സംബന്ധിച്ച് നയമാണ് പ്രധാനം. ഇന്നലെ വരെയുള്ള നിലപാടിൽനിന്ന് മാറി ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേരുന്നുവെങ്കിൽ തളളി പറയുന്ന സമീപനം സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോഡ്സേ ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നിട്ടല്ലേ ഉള്ളൂ എന്ന് പറഞ്ഞ ‘കേരള തൊഗാഡിയ ‘ സന്ദീപ് വാര്യരെയാണ് ഇന്ന് കോൺഗ്രസ് പാർട്ടി മാലയിട്ട് സ്വീകരിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വ്യക്തമാക്കി. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ വേളയിൽ പ്രക്ഷോഭം നടത്തുന്ന മനുഷ്യരുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് ചുട്ടു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ എഴുതിയ ആൾക്ക് ഒടുവിൽ പറ്റിയ തട്ടകം തന്നെയാണ് ഇപ്പോഴത്തെ സതീശ സുധാകര ഷാഫി കോൺഗ്രസ്. ഇന്നലെ വരെ ഒന്നിച്ച് പ്രവർത്തിച്ച ഡോക്ടർ സരിനെ കല്യാണ വീട്ടിൽ വച്ച് മുഖാമുഖം കണ്ടപ്പോ കൈ കൊടുക്കാത്ത ഷാഫി – മാങ്കൂട്ടങ്ങൾ ആർ എസ് എസിനെ തള്ളിപ്പറയാത്ത സന്ദീപ് വാര്യരെ കെട്ടി പുണരുകയാണെന്നും വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ സിപിഐഎം പ്രവേശം പാർട്ടി പരിശോധിച്ച് തള്ളിയതെന്ന് എ.എ. റഹീം എംപി വ്യക്തമാക്കി. പാർട്ടി തലത്തിൽ പരിശോധനകൾ നടന്നുവെന്ന് എ.എ. റഹീം പറഞ്ഞു. കാം പരിശോധന നടന്നത്. വിഷയത്തിൽ ആധികാരികമായി പറയേണ്ടത് നേതൃത്വമെന്ന എ.എ. റഹീം എം പി പറഞ്ഞു.