പത്തനംതിട്ട: പൊന്നമ്പല മേട്ടിലെ പൂജാ വിവാദത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശബരിമല പൂങ്കാവനത്തിലെ അതീവ സുരക്ഷാമേഖലയിൽ കയറി പൂജ നടത്തിയ തൃശൂർ തെക്കേക്കാട്ട് മഠത്തിൽ നാരായണൻ നമ്പൂതിരിക്കെതിരേയും വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.
വനംവികസന കോർപ്പറേഷൻ ഗവി സൂപ്പർവൈസറാണ് രാജേന്ദ്രൻ. വനം വികസന കോർപ്പറേഷൻ തോട്ടം തൊഴിലാളിയാണ് സാബു. ഇവർ അതീവ സുരക്ഷാ മേഖലയിലേക്ക് കയറാൻ അനുവാദം നൽകിയെന്നും അതിനായി പണം വാങ്ങിയെന്നും വനംവകുപ്പ് കണ്ടെത്തിയിരുന്നു. അതേ തുടർന്നാണ് നടപടിയെടുത്തത്. ചെന്നൈയിൽ സ്ഥിരതാമസക്കാരനായ നാരായണൻ നമ്പൂതിരിമുമ്പ് ശബരിമല സന്നിധാനത്തു കീഴ്ശാന്തിയും പരികർമിയുമായി പ്രവർത്തിച്ചിരുന്നു.
വനം വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ പൊന്നമ്പലമേട്. പെരിയാര്‍ ടൈഗർ വെസ്റ്റ് ഡിവിഷനിൽ പമ്പ ഫോറസ്റ്റ് റേഞ്ചിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിലെ ഈ മലയിലാണ് ആദിവാസികൾ മകരവിളക്ക് തെളിക്കുന്നത്. ആ തറയില്‍ വച്ചാണ് ഇയാള്‍ പൂജ ചെയ്തത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എപ്പോഴാണ് ഈ പൂജ നടത്തിയതെന്നോ വീഡിയോ ചിത്രീകരിച്ചതാരാണെന്നോ വ്യക്തമല്ല. ദേവസ്വം ബോര്‍ഡിലേതടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ എത്തിയതിനെ തുടർന്നാണു വനം വകുപ്പിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതും അവർ കേസെടുത്തതും.
ആചാരപരമായി ഏറെ പ്രാധാന്യമുള്ള പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് 3 വർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷൻ 27 (1) ഇ (4) എന്നീ ജാമ്യമില്ലാ വകുപ്പുകളാണിവ. ഇയാളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല.ഇയാളോടൊപ്പം നാലഞ്ചുപേർ കൂടി ഉണ്ടായിരുന്നുവെന്നാണു വിവരം. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നു പച്ചക്കാനം സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് നാരായണൻ നമ്പൂതിരിയും സംഘവും പൂജ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈയിൽ ഇയാൾക്ക് ഒരു അയ്യപ്പ ക്ഷേത്രമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. അവിടെ നാരായണൻ സ്വാമി എന്നറിയപ്പെടുന്ന ഇയാൾ അവിവാഹിതനാണ്. ശബരിമല സന്നിധാനത്തു ജോലി ചെയ്തിരുന്ന കാലത്ത് മോശം പ്രവൃത്തികളുടെ പേരിൽ പുറത്താക്കിയതാണെന്നു ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
സംഭവത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അടിയന്തര റിപ്പോര്‍ട്ട് തേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.
എന്താണ് തെറ്റെന്ന്
നാരായണൻ നമ്പൂതിരി..!
"പൊന്നമ്പലമേട്ടിൽ പ്രവേശിച്ച് പൂജ നടത്തിയത് വനം വകുപ്പ് വാച്ചർമാരുടെ അനുമതിയോടെയാണ്. അവിടെ ഉത്സവമാണെന്നു പറഞ്ഞു. അവർ കൂട്ടിക്കൊണ്ടുപോയി. തൃശൂരിൽ വടക്കുംനാഥ ക്ഷേത്രത്തിനടുത്താണ് ഞാൻ താമസിക്കുന്നത്. ശബരിമല കീഴ്ശാന്തിയുടെ സഹായിയായി ജോലി ചെയ്തിട്ടുണ്ട്. തീർഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാർഥിക്കാറുണ്ട്.
എല്ലാ വർഷവും ശബരിമല ദർശനം നടത്താറുണ്ട്. ഹിമാലയത്തിൽ പോകുമ്പോഴും ഞാൻ ഇങ്ങനെയാണ് ചെയ്യാറുള്ളത്. പൊന്നമ്പലമേട്ടിൽ പോയപ്പോഴും പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണ്. എനിക്കൊപ്പം ഉണ്ടായിരുന്നത് പൂജാ സാധനങ്ങൾ കൊണ്ടുവന്നവരാണ്.
പൊന്നമ്പല മേട്ടിൽ പൂജ നടത്തിയാൽ എന്താണ് തെറ്റ്? അയ്യപ്പനു വേണ്ടി മരിക്കാനും തയാറായ എനിക്കെതിരേ കേസിന്റെ ആവശ്യമെന്താണ്? അവിടെ മോശം പ്രവൃത്തിയൊന്നും ചെയ്തിട്ടില്ല. പൊന്നമ്പലമേട്ടിൽ ആദ്യമായാണ് പോകുന്നത്. അവിടം അതീവസുരക്ഷാ മേഖലയാണെന്ന് അറിയില്ലായിരുന്നു. വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്''.