വർക്കല: വർക്കല പാപനാശം കടപ്പുറത്ത് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ താഴെയിറക്കി. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേന കെട്ടിയ വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു. ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയുമാണു പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്.
കാറ്റിന്‍റെ ഗതി മാറിയതാണു ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങാൻ ഇടയാക്കിയതെന്നാണു വിവരം. ഒന്നര മണിക്കൂറോളം രണ്ടു പേരും അമ്പതടി ഉയരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വലയിലേക്കു വീണതിനാൽ പരുക്കുകളില്ല എന്നതാണു പ്രാഥമിക വിവരം. ഇരുവരേയും ആശുപത്രിയിലേക്കു മാറ്റി.