സർക്കാരിനെതിരേ പ്രതിഷേധ സംഗമത്തിന് യുഡിഎഫ്

കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് വൈകിയെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്
MM Hasan
എം.എം. ഹസൻ
Updated on

തിരുവനന്തപുരം: കാഫിര്‍ സ്ക്രീന്‍ഷോട്ടിന്‍റെ സ്രഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും പിണറായി സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച് യുഡിഎഫ് തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 10ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, സി.പി. ജോണ്‍, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, ഷിബു ബേബി ജോണ്‍, ജി. ദേവരാജന്‍, രാജന്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള മൊഴികളില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയമിക്കണമെന്നാണ് യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.

പരാതി രേഖാമൂലം തന്നാല്‍ അന്വേഷിക്കാമെന്ന നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് വൈകിയെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും വേട്ടക്കാരനെ സംരക്ഷിക്കുന്ന സ്ത്രീവിരുദ്ധ നിലപാടാണ് സാംസ്കാരിക മന്ത്രി സ്വീകരിച്ചത്. അതിനെതിരായ ജനരോഷത്തിലാണ് സംവിധായകന്‍ കൂടിയായ രഞ്ജിത്തിന് രാജിവെയ്ക്കേണ്ടി വന്നത്.

വേട്ടക്കാരെ ന്യായീകരിച്ച സാംസ്കാരിക മന്ത്രി രാജിവെയക്കണം. അല്ലെങ്കില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം സാധ്യമല്ലെന്ന് സിനിമാ പ്രേമികള്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാട് തിരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കുകയും വേണം. അന്വേഷണ സംഘം എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.