കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന സർക്കുലറിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. സർക്കുലർ കീറിയും കത്തിച്ചും വിശ്വാസികൾ പ്രതിഷേധിച്ചു. ഏകീകൃത കുർബാന നിർബന്ധമാക്കി പുറത്തിറക്കിയ സർക്കുലർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
അടുത്ത മാസം 3 മുതൽ പള്ളികളിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന സർക്കുലർ ഇന്ന് എല്ലാ പള്ളികളിലും വിയിക്കാനായിരുന്നു നിർദേശം. ഞായറാഴ്ച രാവിലെ പള്ളികളുടെ മുന്നിൽ തടിച്ചുകൂടിയ വിശ്വാസികൾ കടുത്ത പ്രതിഷേധമാണ് നടത്തിയത്. വിശ്വാസികളും നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി.
എളംകുളം പള്ളിയിൽ സർക്കുലർ കീറി ചവിട്ടുകുട്ടയിലിട്ടു. തൃപ്പൂണിത്തുറ ഫെറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സർക്കുലർ കത്തിച്ചു. പള്ളികളിലും സഭാ നേതൃത്വം നിർദേശിക്കുന്ന ഏകീകൃത കുർബാന ഇതുവരെ നടപ്പാക്കിയിട്ടില്ല. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും അപ്പോസ്തലിക അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും ചേർന്നാണ് സർക്കുലർ പുറത്തിറക്കിയത്.