എം.ബി. സന്തോഷ്
തിരുവനന്തപുരം: ബിജെപിക്ക് ആദ്യമായി ഒരു എംപിയെ നല്‍കിയ, രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളത്തിന് കേന്ദ്ര ബജറ്റില്‍ കടുത്ത അവഗണന. "കേരളം' എന്ന പേരുപോലും പരാമര്‍ശിക്കാത്ത ബജറ്റ് പ്രസംഗത്തില്‍, സംസ്ഥാനം പ്രതീക്ഷിച്ച സ്വപ്നപദ്ധതികളില്‍ ഒന്നുപോലും ഇടംപിടിച്ചില്ല. പ്രളയക്കെടുതിക്കുള്ള സഹായത്തില്‍പോലും കേരളത്തിന് നിരാശമാത്രം. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊന്നുമില്ല.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ നേരിട്ടുകണ്ട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കെജ് അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളടങ്ങിയ നിവേദനം നേരിട്ട് സമര്‍പ്പിച്ചെങ്കിലും അതെല്ലാം തള്ളി. ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ ചെലവിന്‍റെ 25 ശതമാനമായ 6,000 കോടി രൂപ നല്‍കേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണ്. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങള്‍ എടുത്ത വായ്പയുടെ പേരില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും 5710 കോടി രൂപ വീതമാണ് വായ്പയില്‍ കുറയുന്നത്. ഇവയ്ക്ക് പകരമായായിരുന്നു പാക്കെജ് അഭ്യര്‍ഥന.
കഴിഞ്ഞ ബജറ്റില്‍ ഭക്ഷ്യസബ്സിഡിക്ക് 2,72,000 കോടി ഉണ്ടായിരുന്നത് ഈ വര്‍ഷം 2,05,000 കോടിയായി ചുരുക്കിയത് സ്വാഭാവികമായും കേരളത്തിലെ റേഷന്‍ വിതരണത്തിന് തിരിച്ചടിയാവാനാണ് സാധ്യത. കഴിഞ്ഞ ബജറ്റില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 90, 806 കോടി ചെലവഴിച്ചിരുന്നത് ഈ ബജറ്റില്‍ 86,000 കോടിയായതും ഈ മേഖലയില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന കേരളത്തിനെയാവും ദോഷകരമായി ബാധിക്കുക. വിഴിഞ്ഞം പദ്ധതി, റബര്‍ താങ്ങുവില 250 രൂപ, വയനാട് തുരങ്കപാത, കേരളത്തിന് മൂന്നാം റെയ്ല്‍ പാത, തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചാഗുഡ് റെയ്ല്‍പാതകള്‍ക്കായുള്ള സര്‍വേതുടങ്ങി കേരളത്തിന്‍റെ വികസനത്തിന് അനിവാര്യമായവയോടെല്ലാം ബജറ്റ് മുഖം തിരിച്ചു.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം 22 എയിംസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കിയെങ്കിലും കേരളത്തിന് പരിഗണനയേയില്ല. കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രാഥമിക നടപടികളായത് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചശേഷവും അവഗണനയാണ് തുടരുന്നത്. അതേസമയം,കഴിഞ്ഞ 10 വര്‍ഷമായിട്ട് ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാറില്ലെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.