ന്യൂഡൽഹി: സിനിമ അഭിനയത്തിന്‍റെ പേരിൽ കേന്ദ്ര മന്ത്രി സ്ഥാനത്തു നിന്നും മാറ്റിയാൽ രക്ഷപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ തന്‍റെ പാഷനാണെന്നും അഭിനയിച്ചില്ലെങ്കിൽ താൻ ചത്തു പോവുമെന്നും കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ് ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.സെപ്റ്റംബറിൽ ഒറ്റക്കൊമ്പൻ സിനിമയുടെ ഷൂട്ടിംങ് ആരംഭിക്കുകയാണ്. അഭിനയിക്കാൻ അനുമതി തേടിയിട്ടുണ്ട്. സിനിമ അഭിനയത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായാൽ രക്ഷപ്പെട്ടുവെന്നും തമാശ രീതിയിൽ അദ്ദേഹം പറഞ്ഞു.
സിനിമ ഞാൻ ചെയ്യും. അനുമതി ചോദിച്ചിട്ടുണ്ട്. പക്ഷേ, കിട്ടിയിട്ടില്ല. സെപ്റ്റംബറിൽ ഒറ്റക്കൊമ്പന്‍റെ ഷൂട്ടിംങ് ആരംഭിക്കുകയാണ്. എല്ലാവരുടേയും ആശിർവാദം ഉണ്ടാവണം. 22 ഓളം സിനിമകളുടെ തിരക്കഥ ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ 6 ന് ഇങ്ങുപോരും. ഇനി അതിന്‍റെ പേരിൽ അവർ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ. സുരേഷ് ഗോപി പറഞ്ഞു.
മന്ത്രിസ്ഥാനത്തെ ബാധിക്കാത്ത വിധം സെറ്റിൽ സൗകര്യങ്ങളൊരുക്കണമെന്നാണ് വിചാരിക്കുന്നത്. തൃശൂരുകാർക്ക് നന്ദി അർപ്പിക്കണമെന്ന കേന്ദ്ര നേതാക്കളുടെ നിരന്തരമായ ആവശ്യത്തിന്റെ പേരിലാണ് താത്പര്യമില്ലാതിരുന്നിട്ടും മന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിലും അദ്ദേഹം പ്രതികരിച്ചു. സിനിമയ്ക്കുള്ളിൽ മാത്രമല്ല പ്രശ്നങ്ങൾ ഉള്ളതെന്നും അങ്ങനെ ചിന്തിക്കുന്നവരാണ് വിഘടനവാദികൾ. പ്രശ്നങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. അത് താൻ 25 വർഷം മുമ്പേ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് ഏകപക്ഷീയമാണെന്നും സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച മൊഴികളാണ് റിപ്പോർട്ടിലുള്ളതെന്നും എല്ലാവരുടെയും സ്വഭാവ സർടിഫിക്കറ്റ് ഹാജരാക്കാൻ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.