കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

പുതിയ വര്‍ഷത്തില്‍ വിരമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പുതിയ ബാധ്യതകള്‍ സംസ്ഥാനത്തിനു വലിയ സാമ്പത്തിക വെല്ലുവിളി സൃഷ്ടിക്കും
Unknown borrowing limit puts Kerala into trouble
കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധിRepresentative graphics
Updated on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രസക്കാര്‍ കൃത്യമായ വിവരം നൽകാത്തതിനാൽ സംസ്ഥാനം വീണ്ടും പ്രതിസന്ധിയിലേക്ക്. ‌പുതിയ വര്‍ഷത്തില്‍ വിരമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പുതിയ ബാധ്യതകള്‍ സംസ്ഥാനത്തിനു വലിയ സാമ്പത്തിക വെല്ലുവിളി സൃഷ്ടിക്കുമ്പോഴാണ് കേന്ദ്രത്തിൽ നിന്ന് അനിശ്ചിതത്വം നിറഞ്ഞ സമീപനം. നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്‍റെ കടമെടുക്കാനുള്ള പരിധി നിശ്ചയിച്ചെങ്കിലും ഈ വര്‍ഷം ഡിസംബര്‍ വരെ എത്ര തുക വായ്പയെടുക്കാമെന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.

നടപ്പുസാമ്പത്തിക വര്‍ഷം (2024-25) കേരളത്തിന് 37,512 കോടി രൂപ കടമെടുക്കാ‌മെന്നു കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ഇതില്‍ ആദ്യ ഒമ്പതുമാസം ( ഏപ്രില്‍ -ഡിസംബര്‍) എത്ര തുക കടമെടുക്കാമെന്നതിൽ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുകയാണ്. അടിയന്തരമായി 5,000 കോടി രൂപ കടമെടുക്കാന്‍ കേരളം കഴിഞ്ഞമാസം കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. 3,000 കോടി കടമെടുക്കാനുള്ള താത്കാലിക അനുമതി മാത്രമാണ് കേന്ദ്രം നല്‍കിയത്‌. രണ്ടുതവണയായി ഈ തുക കഴിഞ്ഞമാസം തന്നെ എടുത്തു. തുടര്‍ന്നും കടമെടുക്കാനുള്ള അനുമതി നല്‍കാന്‍ കേന്ദ്രം മടിക്കുന്നതാണ് കേരളത്തെ വെട്ടിലാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഈമാസം 20,000 ഓളം ഉദ്യോഗസ്ഥരാണ് കൂട്ടത്തോടെ വിരമിക്കുന്നത്. ഇവര്‍ക്കു വിരമിക്കല്‍ ആനുകൂല്യമായി ഏകദേശം 7,500 കോടി രൂപ നല്‍കേണ്ടി വരും. ഇതിന്പുറമേ ക്ഷേമ പെന്‍ഷന്‍ കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യണം. ഒപ്പം വികസന പദ്ധതികള്‍ക്കും പണം നീക്കിവയ്ക്കണം. ഇതിനെല്ലാം പണം കണ്ടെത്താനായി കടമെടുക്കാനും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍.

നിലവില്‍ കടപ്പത്രങ്ങളിറക്കിയാണ് സസ്ഥാന സര്‍ക്കാരുകള്‍ കടമെടുക്കുന്നത്. പ്രധാനമായും ബാങ്കുകളാണ് ഇത്തരം കടപ്പത്രങ്ങള്‍ വാങ്ങുക. നടപ്പുവര്‍ഷം കേന്ദ്രം താത്കാലികമായി അനുവദിച്ച 3,000 കോടി രൂപയുടെ കടം കേരളം ഈ സംവിധാനത്തിലൂടെയാണ് കഴിഞ്ഞ രണ്ട് തവണയായി എടുത്തത്.

കേരളത്തോടൊപ്പം ആന്ധ്രപ്രദേശ്-19,000 കോടി, മഹാരാഷ്ട്ര-10,000 കോടി, പഞ്ചാബ്-9,700 കോടി രൂപ, തെലങ്കാന-8,000 കോടി, തമിഴ്‌നാട്-8,000 കോടി, രാജസ്ഥാന്‍-5,100 കോടി, ഹരിയാന-3,000 കോടി, അസം-2,000 കോടി, ഹിമാചല്‍-1,700 കോടി, ജമ്മു കശ്മീര്‍-1,500 കോടി, ഉത്തരാഖണ്ഡ്-900 കോടി, മേഘാലയ-300 കോടി, മണിപ്പൂര്‍-200 കോടി എന്നീ സംസസ്ഥാനങ്ങളും നടപ്പുവര്‍ഷം ഇതുവരെ കടമെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.