''ഇന്ന് ഗണപതി, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ''; മിത്ത് വിവാദത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

''ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണ് ദൈവം''
Unni Mukundan
Unni Mukundan
Updated on

കൊല്ലം: മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടന്‌ ഉണ്ണിമുകുന്ദൻ. ഇന്നലെ അയ്യപ്പൻ മിത്താണെന്നു പറഞ്ഞു, ഇന്ന് ഗണപതി, നാളെ കൃഷ്ണൻ മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ ശേഷം നിങ്ങളും മിത്താണെന്നു പറയുമെന്നായിരുന്നു ഉണ്ണി മുകുന്ദന്‍റെ പരാമർശം. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് മതങ്ങളെ നാം കണ്ടു പഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ച് പറ‍യാൻ ആരും ധൗര്യം കാണിക്കില്ല. ഏറ്റവും കുറഞ്ഞത് അങ്ങനെയെങ്കിലും നാം മുന്നോട്ടു പോവണമെന്നും ആർക്കും എന്തും പറയാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ, അതാണ് ഇന്ത്യയുടെ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു.

ഇനിയെങ്കിലും ഇത്തരം വിഷയങ്ങളിൽ നിങ്ങൾ പ്രതികരിക്കണം. വിഷമം തോന്നിയെന്നെങ്കിലും പറയണം. അതൊരു ഓർമ്മപ്പെടുത്തലാവുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിഘ്നങ്ങളെല്ലാം ശരിയാക്കിത്തരണേ എന്നു പറയാനാണ് ഇവിടെ ക്ഷേത്രത്തിൽവന്നു പ്രാർഥിക്കുന്നത്. ഗണപതിയില്ലെന്ന് ആരെങ്കിലും പറയുമ്പോൾ ഗണപതിക്കു വേണ്ടിയെങ്കിലും നമ്മൾ സംസാരിക്കണം. ദൈവം ഉണ്ടോ എന്ന് പലയാളുകളും പല സാഹചര്യത്തിലും ചോദിക്കുന്നുണ്ട്. ദൈവം ഇവിടെയുണ്ടോ എന്നു ചോദിച്ചാൽ നമുക്ക് അറിയില്ല. തൂണിലും തുരുമ്പിലും ഹനുമാൻ സ്വാമി ഉണ്ടെന്നു പറഞ്ഞാൽ സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് പലർക്കും ചിരിവരും എന്നതാണ് യാഥാർഥ്യം.

ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും അതിൽ നിന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണ് ദൈവം. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നു പ്രാർഥിക്കുകയാണ്. നമ്മുടെ ആചാരങ്ങളെക്കുറിച്ചും ദൈവങ്ങളെപ്പറ്റി പറയുമ്പോൾ സംസാരിക്കാൻ മടിക്കരുത്. അതിന് ചങ്കൂറ്റം ആവശ്യമില്ല. പ്രതികരിക്കാനായി നിങ്ങൾ ആർജവത്തോടെ മുന്നോട്ടു വരണമെന്നും ഉണ്ണി മുകുന്ദൻ വേദിയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.