അരിക്കൊമ്പനു നന്ദി; വനം വകുപ്പിനു നാലേക്കർ ഭൂമി സമ്മാനം - Video

നിലമ്പൂർ ഫോറസ്റ്റ് റേഞ്ചിനോടു ചേർന്ന നാലേക്കർ ഭൂമി ഏറ്റെടുത്ത് വനം വകുപ്പിനു കൈമാറിയ പരിസ്ഥിതി സംഘടനയുടെ നടപടി പരിസ്ഥിതി സംരക്ഷണത്തിലേക്കും പുനർവനവത്കരണത്തിലേക്കും നടത്തിയ വലിയ ചുവടുവയ്പ്പ്
നിലമ്പൂരിൽ വനം വകുപ്പിനു കൈമാറിയ ഭൂമിയുടെ ഭാഗം.
നിലമ്പൂരിൽ വനം വകുപ്പിനു കൈമാറിയ ഭൂമിയുടെ ഭാഗം.
Updated on

അജയൻ

തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ സ്വരവിഹാരം നടത്തുന്നുണ്ട് അരിക്കൊമ്പൻ എന്ന കാട്ടാന. ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്കും അവിടെനിന്ന് കന്യാകുമാരി ഫോറസ്റ്റ് റേഞ്ചിലേക്കുമുള്ള അവന്‍റെ നിർബന്ധിത മാറ്റം മൃഗ സ്നേഹികളുടെ വലിയ എതിർപ്പുകൾക്കു കാരണമായിരുന്നു. എന്നാൽ, പരിസ്ഥിതിവാദികളെ സംബന്ധിച്ച് ശുഭോദർക്കമായ ചില കാര്യങ്ങൾക്കു കൂടി ഈ മാറ്റം വഴിതെളിക്കുന്നുണ്ട്.

യുഎസ് ആസ്ഥാനമായ വോയ്‌സ് ഓഫ് ഏഷ്യൻ എലിഫന്‍റ്സ് സൊസൈറ്റിയും (വിഎഫ്എഇഎസ് - VFAES) കോൽക്കത്ത ആസ്ഥാനമായ നേച്ചർ മേറ്റ്സ് നേച്ചർ ക്ലബ്ബും ചേർന്ന് നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷനോടു ചേർന്ന് നാലേക്കർ സ്വകാര്യ പ്ലാന്‍റേഷൻ വിലയ്ക്കു വാങ്ങി സംസ്ഥാന വനം വകുപ്പിനു കൈമാറിയിരിക്കുകയാണ്. നെടുങ്കയത്തിനടുത്തുള്ള ഭൂമി, പാലക്കാട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. വിജയ് ആനന്ദിനാണ് ഔദ്യോഗികമായി കൈമാറ്റം ചെയ്തിരിക്കുന്നത്.

അരിക്കൊമ്പന്‍ അനുഭവിച്ച യാതനകളാണ് ഇങ്ങനെയൊരു ചിന്തയിലേക്കു തങ്ങളെ നയിച്ചതെന്ന് വിഎഫ്എഇഎസിന്‍റെ സ്ഥാപക എക്സിക്യൂട്ടിവ് ഡയറക്റ്റർ സംഗീത അയ്യർ മെട്രൊ വാർത്തയോടു പറഞ്ഞു.

സംഘടനയുടെ ഇന്ത്യൻ ശാഖയാണ് നാലേക്കർ വരുന്ന മൂന്നു പ്ലാന്‍റേഷനുകൾ വാങ്ങിയത്. അടുത്തുള്ള കൂടുതൽ പ്ലാന്‍റേഷനുകൾ വാങ്ങി വനം വകുപ്പിനു കൈമാറാൻ പദ്ധതിയുണ്ടെന്നും സംഗീത പറഞ്ഞു. കാട്ടാനകൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

340 കാട്ടാനകളുള്ള നിലമ്പൂർ വനത്തിന് ഇതു വലിയ സഹായമായെന്ന് വിജയ് ആനന്ദ് പറഞ്ഞു.

മേഖലയിലെ പല പ്ലാന്‍റേഷനുകളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. എന്നാൽ, ഇവയ്ക്കെല്ലാം അതിരായി ഇലക്‌ട്രിക് വേലികളുണ്ട്. സ്ഥലം വാങ്ങിയ ശേഷം ആദ്യം ചെയ്തത് ഈ വേലികൾ പൊളിച്ചു നീക്കുകയായിരുന്നു. പ്ലാന്‍റേഷന്‍റെ ഭാഗമായ കൃഷിയെല്ലാം വർഷങ്ങൾക്കു മുൻപേ നിലച്ചു പോയി ഇവിടെ വീണ്ടും കാട് വളർന്ന് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയായി മാറുമെന്നാണ് പ്രതീക്ഷ.

ക്യാനഡയിൽ ജീവിക്കുന്ന സംഗീതയാണ് ആനകളെക്കുറിച്ചുള്ള 'ഗോഡ്സ് ഇൻ ഷാക്ക്ൾസ്' (Gods in Shackles) എന്ന പ്രശസ്തമായ ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. ഇപ്പോഴത്തേത് ചെറിയൊരു ചുവട് മാത്രമാണെന്ന് സംഗീത പറയുന്നു.

''നാലേക്കറെന്നു വച്ചാൽ അധികമൊന്നുമില്ല. എന്നാൽ, ഇങ്ങനെയൊരു ചുവടു വച്ചതിന്‍റെ അലയൊലികൾക്ക് വിദൂര ദേശങ്ങളിലേക്കും വ്യാപിക്കാൻ ശേഷിയുണ്ട്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവ് വരുത്താൻ ഇത്തരം നടപടികളിലൂടെ സാധിച്ചേക്കും. അരിക്കൊമ്പന്‍റെ കാര്യത്തിൽ, ആനയെ അല്ല മാറ്റിപ്പാർപ്പിക്കേണ്ടിയിരുന്നത്. വന്യജീവികളുടെ ആവാസ വ്യവസ്ഥയിലേക്ക് അതിക്രമിച്ചു കയറിയത് മനുഷ്യരാണ്. അരിക്കൊമ്പന്‍റെ കാടുമാറ്റം ശാശ്വത പരിഹാരമല്ല. മനുഷ്യരെയാണ് ഉചിതമായ രീതിയിൽ മാറ്റിപ്പാർപ്പിക്കേണ്ടത്'', അവർ വിശദീകരിക്കുന്നു.

നേച്ചർ മേറ്റ്സ് ക്ലബ് സെക്രട്ടറി അർജൻ ബസു റോയിയും സംഗീത അയ്യരും ചേർന്ന് ഭൂമിയുടെ രേഖകൾ കെ. വിജയ് ആനന്ദിനു കൈമാറുന്നു.
നേച്ചർ മേറ്റ്സ് ക്ലബ് സെക്രട്ടറി അർജൻ ബസു റോയിയും സംഗീത അയ്യരും ചേർന്ന് ഭൂമിയുടെ രേഖകൾ കെ. വിജയ് ആനന്ദിനു കൈമാറുന്നു.@Sangita4eles

ദുർഘടമായൊരു ആനത്താരയിൽ നിന്ന് നാലു ഗ്രാമങ്ങൾ ഒഴിപ്പിച്ച് ജനങ്ങളെ കാര്യക്ഷമമായി മാറ്റിപ്പാർപ്പിച്ച ചരിത്രം വയനാടിനും പറയാനുണ്ട്. അന്ന് വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി അത്രയും സ്ഥലം ഏറ്റെടുത്ത് വനം വകുപ്പിനു കൈമാറാൻ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത് ഇപ്പോൾ റിസർച്ച് സെന്‍റർ ഫോർ എൺവയൺമെന്‍റ് ആൻഡ് സോഷ്യൽ സയൻസസിലെ വൈൽഡ്‌ലൈഫ് ബയോളജിസ്റ്റായ സാബു ജഹാസ് ആയിരുന്നു. നിലമ്പൂരിൽ വിഎഫ്എഇഎസ് നടത്തിയ പ്രർത്തനത്തെ സഹർഷം പ്രശംസിക്കുകയാണ് സാബുവും.

''മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വിഎഫ്എഇഎസിന്‍റെ പ്രവർത്തനം ഈ ദിശയിലുള്ള വലിയൊരു ചുവടുവയ്പ്പാണ്. മേഖലയുടെ പുനർ വനത്കരണം സംഭവിക്കും. നാലു ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ച തിരുനെല്ലി-കുദ്രക്കോട് ആന ഇടനാഴി ഇപ്പോൾ ഇടതൂർന്ന വനമാണ്. ആനകൾ അവിടെ സ്വതന്ത്രമായി ജീവിക്കുന്നു. നിലമ്പൂരിലും വൈകാതെ ഇതു തന്നെ സംഭവിക്കും'', അദ്ദേഹം മെട്രൊ വാർത്തയോടു പറഞ്ഞു.

Trending

No stories found.

Latest News

No stories found.