ന്യൂഡൽഹി: ഇന്ത്യയിലും ചൈനയിലുമായി ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ നിർമിച്ച 28,000ലേറെ അണക്കെട്ടുകൾ കാലാവധി പിന്നിട്ട് അപകടാവസ്ഥയിലെന്നു യുഎസ് പത്രം ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ മുന്നറിയിപ്പ്. കേരളത്തിലെ മുല്ലപ്പെരിയാർ ഡാമാണ് തകർച്ചാ സാധ്യതയിൽ ഏറ്റവും മുന്നിലെന്നും ലേഖനം പറയുന്നു. ലിബിയയിലെ വാഡി ഡെർനയിൽ രണ്ടു ഡാമുകൾ തകർന്ന് 11,300 പേർ മരണമടഞ്ഞ പശ്ചാത്തലത്തിലാണു കാലാവധി കഴിഞ്ഞ ഡാമുകൾ ഉയർത്തുന്ന ഭീഷണി വിശദീകരിച്ചു ലേഖനം. നദീസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്റ്റർമാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ലർ എന്നിവർ ചേർന്നാണ് ലേഖനം എഴുതിയിട്ടുള്ളത്.
കാലപ്പഴക്കം ചെന്ന ഡാമുകൾക്കു കൃത്യമായ അറ്റകുറ്റപ്പണികളും നിരീക്ഷണവുമില്ലെങ്കിൽ സമാനമായ വൻദുരന്തങ്ങൾ ആവർത്തിക്കാമെന്നു ലേഖനത്തിൽ പറയുന്നു. ഇത്തരം ഡാമുകൾ ഏറ്റവും ഭീഷണി ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ നിർമിച്ചവയാണ് ഇവിടത്തെ ഡാമുകൾ. കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് പഴക്കം 100 വർഷത്തിലധികമാണ്. പ്രത്യക്ഷത്തിൽ തന്നെ തകരാറുകളുള്ള ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പസാധ്യതാ മേഖലയിൽ. തകർന്നാൽ 35 ലക്ഷത്തോളം പേരുടെ ജീവനാണ് അപകടത്തിലാകുക.
ലിബിയയിൽ തകർന്ന ഡാമുകൾ ആഗോളതലത്തിൽ കൊണ്ടുപിടിച്ച് അണക്കെട്ടു നിർമാണം നടന്ന 1970കളിൽ പൂർത്തിയാക്കിയവയാണ്. 1000ഓളം വലിയ ഡാമുകളാണ് അക്കാലത്ത് ഓരോ വർഷവും നിർമിച്ചത്. ഇന്ന് ആ ഡാമുകളെല്ലാം ആയുസ് പൂർത്തിയാക്കിക്കഴിഞ്ഞു.
ലിബിയയിൽ തകർന്ന രണ്ടു ഡാമുകളുടെയും പരിപാലനം മോശമായിരുന്നെന്നാണു പ്രാഥമിക വിവരം. ജലനിരപ്പ് നിരീക്ഷണവും ഫലപ്രദമായിരുന്നില്ല. പേമാരിയിൽ ഡാമുകൾ നിറഞ്ഞത് കാര്യമായി ശ്രദ്ധിച്ചില്ല. ഡാമിന്‍റെ അപകടാവസ്ഥയെക്കുറിച്ച് കഴിഞ്ഞ വർഷം ജാഗ്രതാ നിർദേശം നൽകിയതാണ്. എന്നിട്ടും അറ്റകുറ്റപ്പണി ചെയ്തില്ലെന്നും ലേഖനത്തിൽ പറയുന്നു.
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമിച്ച യുഎസിൽ അണക്കെട്ടുകളുടെ ശരാശരി പ്രായം 65 വയസിലെത്തി നിൽക്കുന്നു. ഇവയെല്ലാം തകർച്ചാ സാധ്യത നേരിടുന്നുണ്ട്. അടുത്തിടെ യുഎസിലെ അടിസ്ഥാനസൗകര്യ നിയമം ചില ഡാമുകളുടെ പരിപാലനത്തിനായി 300 കോടി ഡോളർ നീക്കിവച്ചു. എന്നാൽ, ഇനിയും ആയിരക്കണക്കിനു ഡാമുകൾ വേറെയുണ്ട്. 7600 കോടി ഡോളറെങ്കിലും വേണം ഇവ പരിപാലിക്കാൻ.
കാലപ്പഴക്കത്തിനു പുറമെ കാലാവസ്ഥാമാറ്റത്തിലുണ്ടായ തീവ്രതയും ഡാമുകളെ ബാധിച്ചിട്ടുണ്ട്. മുൻപ് നൂറ്റാണ്ടിലൊരിക്കൽ മാത്രമുണ്ടാകുന്നതെന്നു കരുതിയ പ്രളയങ്ങൾ ഇപ്പോൾ എല്ലാവർഷവും സംഭവിക്കുന്നു. ഈ ഡാമുകൾ നിർമിച്ചപ്പോൾ ഇത്തരം സാഹചര്യങ്ങൾ മുന്നിൽക്കണ്ടിരുന്നില്ലെന്നു പറയുന്ന ലേഖനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടുവർഷം മുൻപുണ്ടായ പ്രളയവും ഡാം തകർച്ചയും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. 2017ൽ കാലിഫോർണിയയിലെ ഒറൊവിലെ ഡാമിന് പ്രളയത്തെത്തുടർന്നു തകരാറുണ്ടായതും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നതും ലേഖനത്തിലുണ്ട്.
നിലവിൽ യൂറോപ്പിലും യുഎസിലും സർക്കാരുകൾ പഴയ ഡാമുകൾ പൊളിച്ചുനീക്കുന്ന തിരക്കിലാണ്. ആഗോളതാപനത്തിന്‍റെ ഫലമായി വരൾച്ച വർധിച്ചതോടെ നദികളുടെ ഒഴുക്ക് നിലനിർത്താൻ ഡാമുകൾ ഒഴിവാക്കേണ്ടത് ആവശ്യമാണെന്നും ഇത് ഈ നടപടിക്ക് ഊർജം പകരുന്നുണ്ടെന്നും ലേഖനം പറയുന്നു. ക്രമാതീതമായി എക്കൽ അടിഞ്ഞുകൂടി ഡാമുകളുടെ സംരക്ഷണശേഷി കുറയുകയും ജലക്ഷാമം കൂടുകയും ചെയ്തത് ഡാമുകളുടെ പ്രയോജനത്തെക്കുറിച്ചുള്ള ചോദ്യവും ഉയർത്തുന്നുണ്ട്.
തെക്കനാഫ്രിക്കയിൽ സംബേരി നദിയിലെ കരിബ ഡാം 40 കോടി ഡോളർ മുടക്കി ബലപ്പെടുത്തി. എന്നാൽ, ജലക്ഷാമം മൂലം ഇവിടെയിപ്പോൾ വൈദ്യുത പദ്ധതി പ്രവർത്തിക്കുന്നില്ല. ഫലത്തിൽ ചെലവാക്കുന്ന പണത്തിന് തുല്യമായ ഗുണം ലഭിക്കുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു.