തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്‍റെ ജ്ഞാനപ്പാന പുരസ്കാരം കവി വി. മധുസൂദനൻ നായർക്ക്. ഗുരുവായൂരപ്പന്‍റെ ചിത്രം ആലേഖനം ചെയ്ത സ്വർണപ്പതക്കവും 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. കവിയും അധ്യാപകനുമായ മധുസൂദനൻ നായരുടെ സമഗ്ര സംഭാവന പരിഗണിച്ചാണു പുരസ്കാരം.
ദേവസ്വം ചെയർമാൻ ഡോ. വി. കെ വിജയൻ, സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം ആലങ്കോട് ലീലാലകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി. ജി. രവീന്ദ്രൻ എന്നിവരടങ്ങുന്ന പുരസ്കാര നിർണയസമിതിയാണു ജേതാവിനെ തെരഞ്ഞെടുത്തത്.
ഫെബ്രുവരി 24-നു വൈകീട്ട് അഞ്ചിനു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമ്മാനിക്കും. ഭക്തി കാവ്യമായ 'ജ്ഞാനപ്പാനയുടെ പേരിൽ 2004 മുതൽ ഗുരുവായുർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകി വരുന്നു. ജി. അരവിന്ദനാണ് ആദ്യ പുരസ്കാര ജേതാവ്. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി , ഡോ.എം.ലീലാവതി, പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി , സുഗതകുമാരി, സി.രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, ചൊവ്വല്ലുർ കൃഷ്ണൻകുട്ടി, കെ.ജയകുമാർ എന്നിവർ ജ്ഞാനപ്പാന പുരസ്കാര ജേതാക്കളാണ്.
മധുസൂദനൻ നായരുമായുള്ള അഭിമുഖം കാണാം: