വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരൻ

കേന്ദ്ര സർക്കാർ അവഗണനക്കെതിരേ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ പൂർത്തിയായി. വൈകാരിക പ്രതികരണമെന്നും രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമെന്നും മുൻ കേന്ദ്രമന്ത്രി

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരു നാടു മുഴുവൻ ഒലിച്ചുപോയെന്നു പറയുന്നതു ശരിയല്ലെന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ല. നാടുമുഴുവന്‍ എന്ന വാക്കിനോടാണ് തന്‍റെ എതിര്‍പ്പെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്‍റെ അധിക സഹായത്തിന്‍റെ പേരിൽ ഇന്ത്യാസഖ്യം വ്യാജപ്രചാരണം നടത്തുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനം നേരത്തെ അനുവദിച്ച സഹായത്തിന്‍റെ കണക്കുകൾ സമർപ്പിച്ചിട്ടില്ല. 214 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. 788 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലിരിക്കുകയാണ്. അതായത് എന്‍റെ കയ്യില്‍ 800 കോടി ഇരിക്കുമ്പോളാണ് കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് പറയുന്നത്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കയ്യില്‍ വെച്ചോണ്ടിരിക്കുകയാണ്.

വയനാടിന് അധിക ധനസഹായം നൽകില്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹർത്താൽ നാടകമാണെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, വയനാടിനെതിരായ പരാമർശത്തിലൂടെ മുരളീധരൻ അവിടുത്തെ ജനങ്ങളെ അധിക്ഷേപിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.

Trending

No stories found.

More Videos

No stories found.