മാസപ്പടി വിഷയത്തിൽ പിണറായിയുടെ മുഖത്തുനോക്കി വിവാദം ഉന്നയിക്കാനുള്ള ധൈര്യം യുഡിഎഫിനില്ല: വി.മുരളീധരൻ

മിത്ത് വിവാദത്തിൽ എൻഎസ്എസ് പലവട്ടം ആവശ്യപ്പെട്ടിട്ടും സ്പീക്കർ ഷംസീർ മാപ്പ് പറഞ്ഞിട്ടില്ല.
വി. മുരളീധരൻ
വി. മുരളീധരൻ
Updated on

കോട്ടയം: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തുനോക്കി വിവാദം ഉന്നയിക്കാനുള്ള ധൈര്യം യുഡിഎഫിലെ ഒരു നേതാക്കന്മാർക്കും ഇല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാസപ്പടി വിഷയത്തിൽ ആരോപണം ഉയർന്നപ്പോൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പറഞ്ഞ് നിയമസഭാ സമ്മേളനം ഒറ്റ ദിവസം കൊണ്ട് വെട്ടിച്ചുരുക്കിയത് ഇരുമുന്നണികൾക്കും പലതും ഒളിച്ചു വയ്ക്കാനുള്ളത് കൊണ്ടാണെന്നും പള്ളിക്കത്തോട്ടിൽ ലിജിൻ ലാലിൻ്റെ നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മിത്ത് വിവാദത്തിൽ എൻഎസ്എസ് പലവട്ടം ആവശ്യപ്പെട്ടിട്ടും സ്പീക്കർ ഷംസീർ മാപ്പ് പറഞ്ഞിട്ടില്ല. ഭരണപക്ഷ സമുദായത്തിന് സ്വാധീനമുള്ള പുതുപ്പള്ളി മണ്ഡലത്തിൽ യുഡിഎഫ് ആരെ പേടിച്ചിട്ടാണ് വിവാദം ഉന്നയിക്കാൻ മടിക്കുന്നതെന്നും വി.മുരളീധരൻ ആരാഞ്ഞു. എൽഡിഎഫും, യുഡിഎഫും പിണറായി ഐക്യമുന്നണിയുടെ രണ്ട് സ്ഥാനാർഥികളായാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. ഇവർക്കെതിരായാണ് ബിജെപി സ്ഥാനാർഥി ലിജിൻ ലാലിൻ്റെ മത്സരം.

എൻഎസ്എസ് നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അല്ലെങ്കിൽ കേസെടുത്തവർക്കെതിരെ നടപടി വേണ്ടതാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ തരം പോലെയുള്ള രാഷ്ട്രീയ നിറം മാറുന്നത് സിപിഎമ്മിൻ്റെ എല്ലാ കാലത്തും ഉള്ള നയമാണ്. ഇതിന് അവർ പേരിട്ടിരിക്കുന്നതും അടവുനയമെന്നാണ്. ആത്മാർത്ഥമായിട്ടാണ് നാമജപ ഘോഷയാത്ര കേസ് പിൻവലിച്ചതെങ്കിൽ ഷംസീർ മാപ്പുപറയണമെന്നും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയത്തിൽ ഷംസീറിനെ തള്ളി പറയണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

പുതുപ്പള്ളിയിലെ ഏക പ്രതിപക്ഷ സ്ഥാനാർഥി ജില്ലയിൽ ലിജിൻലാലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പറഞ്ഞു. മറ്റു 2 മുന്നണികളും ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥികളാണ്. എല്ലാ കാര്യങ്ങളിലും ഒരേ നിലപാട് പുലർത്തുന്നവരാണ് ഇവർ. വിഡി സതീശൻ സാങ്കേതികമായി മാത്രമാണ് പ്രതിപക്ഷനേതാവായി പ്രവർത്തിക്കുന്നത്. അദ്ദേഹം ഭരണപക്ഷ അനുകൂലമായിട്ടുള്ള പ്രതിപക്ഷ നേതാവാണ്. ചാണ്ടി ഉമ്മനും, ജയ്ക്ക് സി.തോമസും ഭരണ വിലാസ പാർട്ടികളുടെ പ്രതിനിധികൾ ആണെന്നും, ഈ പ്രചരണമാണ് മണ്ഡലത്തിൽ മുന്നണി ഉയർത്തുകയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.