10 വർഷങ്ങൾക്കു ശേഷം പാഠ്യപദ്ധതി പരിഷ്ക്കരണവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: 10 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ച് സർക്കാർ. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലായി തയാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.16 വർഷത്തിനു ശേഷമാണ് കേരളത്തിലെ പാഠ്യപദ്ധതിയും അതിന്റെ തുടർച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2007ലാണ് ഇതിനു മുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്ക്കരണം നടത്തിയത്. 2013ൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്കരണത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗാവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിർദേശം വച്ച പ്രകാരം പോക്സോ നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. പാഠപുസ്തകങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലാണ് പുസ്തകങ്ങൾ തയാറാക്കിയിട്ടുള്ളത്.
ഒന്നാം ക്ലാസിലെ എല്ലാ പുസ്തകങ്ങൾക്കും പ്രവർത്തന പുസ്തകം അഥവാ ആക്റ്റിവിറ്റി ബുക്ക് തയാറാക്കും. അഞ്ചാം ക്ലാസു മുതൽ കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങൾ ഉണ്ടാകും. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ക്രമീകരണം നടപ്പിലാക്കിയത്. പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് മുതൽ 10 വരെ തൊഴിൽ വിദ്യാഭ്യാസം നൽകും. ടൂറിസം, കൃഷി, ഐടി, ടെക്സ്റ്റൈൽ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാകും ഇത്. കുട്ടികളിൽ ചെറുപ്പം മുതലേ തൊഴിൽ മനോഭാവം വളർത്താൻ ഇത് ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാഠപുസ്തക പരിഷ്കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള അധ്യാപക പുസ്തകങ്ങൾ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് മികച്ച പരിശീലനം നൽകും. കൂടാതെ രക്ഷകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. രാജ്യത്താദ്യമായാണ് രക്ഷകർത്താക്കൾക്കുള്ള പുസ്തകങ്ങൾ വികസിപ്പിക്കുന്നത്. രണ്ട് തീരുമാനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്റ്റർ എസ്. ഷാനവാസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.