കൊച്ചി: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജിയിൽ ഇഡിക്ക് നോട്ടീസയച്ച് കേരള ഹൈക്കോടതി. അന്വേഷണ പുരോഗതിയിൽ റിപ്പോർട്ടു തോടിക്കൊണ്ടാണ് നോട്ടീസ്. അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം നൽകാമെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് ഈ മാസം 22 ന് പരിഗണിക്കാനായി മാറ്റി.
വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇടുതുമുന്നണി കൺവീനർ ഇപി ജയരാജനെയും കുടുംബത്തിനും തലവേദന സൃഷ്ടിച്ചിരുന്നു . ഇപിയുടെ ഭാര്യക്കും മകനും റിസോർട്ടിൽ നിക്ഷേപമുണ്ട്. വൈദേകം റിസോർട്ടിലെ നിക്ഷേപത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ള കണ്ണൂർ സ്വദേശിയായ മുഹമ്മദ് അഷ്‌റഫിന് റിസോർട്ടിൽ നിക്ഷേപമുണ്ടെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.കൊച്ചിയിലെ മാധ്യമപ്രവർത്തകനായ എംആർ അജയനാണ് ഹർജിക്കാരൻ.