ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് : മരുമകന്‍റെ കമ്പനിക്ക് കരാർ കിട്ടിയകാര്യം അറിഞ്ഞിരുന്നില്ല; ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണമെന്ന് വൈക്കം വിശ്വൻ

വിദ്യാർഥി കാലഘട്ടത്തിലാണ് താൻ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. 72 വർഷമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് : മരുമകന്‍റെ കമ്പനിക്ക് കരാർ കിട്ടിയകാര്യം അറിഞ്ഞിരുന്നില്ല; ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണമെന്ന് വൈക്കം വിശ്വൻ
Updated on

കോട്ടയം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട് മരുമകന്‍റെ കമ്പനിക്ക് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണമെന്ന് എൽഡിഎഫ് മുൻ കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വൻ. വിവാദത്തിൽ കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ ഭർത്താവിന്‍റെ കമ്പനിക്ക് കരാർ കിട്ടിയ കാര്യം താൻ അറിഞ്ഞിരുന്നില്ല. പ്രവർത്തനം തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു പരിപാടി അവർക്ക് അവിടെയുണ്ടെന്ന് അറിഞ്ഞതെന്നും വൈക്കം വിശ്വൻ പറഞ്ഞു.

വിദ്യാർഥി കാലഘട്ടത്തിലാണ് താൻ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. 72 വർഷമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്. ബന്ധുക്കൾക്ക് ആർക്കും ഇതുവരെ യാതൊരു കൈവിട്ട സഹായവും ചെയ്തിട്ടില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും ഒഴിവായി. കുറച്ച് കാലം ട്രേഡ് യൂണിയൻ രംഗത്ത് ഉണ്ടായിരുന്നു അതിൽ നിന്നും താൻ ഇപ്പോൾ ഒഴിവായി. ആ കാലത്തൊന്നും തനിക്ക് തോന്നാത്ത കാര്യം ഇപ്പോൾ ചെയ്തെന്ന് പറയുന്നു. ഒരു റിട്ട. ജസ്റ്റിസ് അതിഭീകരമായി ചാനൽ ചർച്ചയിൽ ആരോപണം ഉന്നയിക്കുന്നത് കണ്ടു. ഒരു മുൻ മേയർ എന്നെ വെല്ലുവിളിച്ചു. ഇതുവരെ മറ്റൊന്നും ആലോചിച്ചിരുന്നില്ല. ഇനി നിയമനടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും വൈക്കം വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയും ഞാനും വലിയ സൗഹൃദത്തിലാണെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും വിദ്യാർഥികാലം മുതൽ പാർട്ടി ചുമതലകൾ ഏറ്റെടുത്തവരാണ്. പാർട്ടിയിൽ അന്യോനം പ്രവർത്തിച്ചവരാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിനോട് സൗഹൃദം വരാതിരിക്കേണ്ട ഒരു കാര്യവുമില്ല. സൗഹൃദത്തിന്‍റെ പേരിൽ മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യുമെന്ന് എനിക്കറിയില്ല. ഞാൻ പൊതുകാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. കുടുംബകാര്യങ്ങളോ ആവശ്യങ്ങളോ പറഞ്ഞിട്ടില്ലെന്നും വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.