#ജിബി സദാശിവൻ
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ അട്ടിമറി നടന്നതായി സൂചന. ഡോ. വന്ദനയുടെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് സമർപ്പിച്ച ഹർജിയെ സംസ്ഥാന സർക്കാർ എതിർത്തതിനു പിന്നാലെയാണ് കേസന്വേഷണത്തിലും സംശയമുയരുന്നത്.
അന്വേഷണസംഘത്തിനു മേൽ ബാഹ്യസമ്മർദമുണ്ടായെന്ന ആരോപണത്തിന് ബലം നൽകുന്നതാണു പൊലീസ് കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര സ്റ്റേറ്റ്മെന്റ് ( എഫ്ഐഎസ്). സംഭവങ്ങളുടെ സമയക്രമം തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സഹപ്രവർത്തകരും സഹപാഠികളുമെല്ലാം മൊഴി മാറ്റിയിട്ടുമുണ്ട്. ഇത് ഐഎംയുടെ ഇടപെടൽ മൂലമാണെന്ന് വന്ദനയുടെ കുടുംബം സംശയിക്കുന്നു.
കഴിഞ്ഞ മേയ് 10 നു പുലർച്ചെ പൊലീസ് സാന്നിധ്യത്തിലാണു വന്ദന കുത്തേറ്റ് മരിച്ചത്. 21 തവണ കുത്തേറ്റിട്ടും അക്രമിയെ പിന്തിരിപ്പിക്കാനോ അയാളിൽ നിന്ന് വന്ദനയെ രക്ഷിക്കാനോ പൊലീസ് ശ്രമിക്കാതിരുന്നത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. സമീപത്തെ ആശുപത്രികളിൽ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യമുണ്ടായിട്ടും വന്ദനയെ നേരിട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതു മരണകാരണമായോ എന്നതിലും ഇത് ആരുടെ നിർദേശപ്രകാരമാണെന്നതിലും വ്യക്തതയില്ല.
ആശുപത്രി സംരക്ഷണ ബിൽ പാസാക്കാൻ ഐഎംഎയും പൊലീസും ചേർന്ന് വന്ദനയുടെ മരണം ഉറപ്പാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. നാലര മണിക്കൂറോളം ചികിത്സ വൈകിപ്പിച്ചതാണു മരണകാരണമെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മോഹൻദാസ് പറയുന്നു. സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കേരളത്തിന് പുറത്തുള്ള ഏജൻസി അന്വേഷിച്ചാൽ മാത്രമേ മകളുടെ മരണത്തിനു പിന്നിലെ ദുരൂഹത പുറത്തുവരൂ എന്നാണു മോഹൻദാസിന്റെ നിലപാട്.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോ. വന്ദനയെ ഏറെ നേരം ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഇരുത്തിയിരുന്നു. അസീസിയ മെഡിക്കൽ കോളെജിൽ നിന്ന് വന്ദനയുടെ സുഹൃത്തുക്കൾ എത്തിയ ശേഷമാണ് കൊട്ടാരക്കരയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് വന്ദനയെ എത്തിച്ചത്.
നില മോശമായിട്ടും ആംബുലൻസിനു പകരം പൊലീസ് ജീപ്പിലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് എത്തിച്ചത്. 67 കിലോമീറ്റർ പിന്നിടാൻ 90 മിനിറ്റ് വേണ്ടിവന്നു. 40 മിനിറ്റിനുള്ളിൽ എത്തിക്കാനാവുമായിരുന്നെന്ന് ആംബുലൻസ് ഡ്രൈവർമാർ പറയുന്നു.
വന്ദനയുടെ മരണം നടക്കുന്നതിനു മുൻപ് ഒരു മെഡിക്കൽ ഡോക്റ്റർ കൊല്ലപ്പെടുമെന്നും മെഡിക്കൽ ബിൽ പാസാക്കണമെന്നും ഒരു ഐഎംഎ നേതാവും മറ്റൊരു പ്രമുഖ വ്യക്തിയും സമൂഹ മാധ്യമങ്ങളിൽ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വന്ദനയുടെ കുടുംബം പറയുന്നു. വന്ദന മരിച്ച് ഏഴു ദിവസം പിന്നിട്ടപ്പോൾ മെഡിക്കൽ ബിൽ പാസാക്കിയിരുന്നു.