തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്‍റെ ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച ഏകദേശധാരണ പുറത്തുവിട്ട് റെയിൽ വേ അധികൃതർ. തിരുവനന്തപുരം-കണ്ണൂർ എക്സിക്യൂട്ടിവ് ചെയർകാറിൽ 2150 രൂപയാകും എന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിലോടുന്ന വന്ദേഭാരതിന്‍റെ ഏറ്റവും ഉയർന്ന നിരക്കാവും ഇത്.
50 കിലോമീറ്റർ യാത്രയ്ക്ക് അടിസ്ഥാന ചെയർകാർ നിരക്ക് 241 രൂപയും എക്സിക്യൂട്ടിവ് ചെയർകാർ നിരക്ക് 502 രൂപയും ആണ്. തിരുവനന്തപുരം-കണ്ണൂർ ചെയർകാർ നിരക്ക് 1100 രൂപയും എക്സിക്യൂട്ടിവ് ചെയർകാർ നിരക്ക് 2150 രൂപയായിരിക്കും. തിരുവനന്തപുരം-കോട്ടയം ചെയർകാർ നിരക്ക് 441 രൂപയും എക്സിക്യൂട്ടിവ് ചെയർകാർ നിരക്ക് 911 രൂപയുമാണ്. തിരുവനന്തപുരം-എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-തൃശൂർ നിരക്ക് യഥാക്രമം 617 രൂപയും, 1260 രൂപയുമാകും. തിരുവനന്തപുരം-കോഴിക്കോട് വരെ 801 രൂപയും 1643 രൂപയും ടിക്കറ്റ് ചാർജ് വരും.
വന്ദേഭാരതിന്‍റെ ആദ്യ ട്രയൽറൺ ഇന്നലെ പൂർത്തിയാക്കിയിരുന്നു. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നടത്തും. ഇതിനു മുൻപ് ഒരുവട്ടം കൂടി ട്രയൽറൺ നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ട്രയൽറൺ നടത്തിയപ്പോൾ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇത് വിലയിരുത്തി വീണ്ടും ട്രയൽറൺ നടത്താനാണ് തീരുമാനം.