എം.ബി. സന്തോഷ്
തിരുവനന്തപുരം< ദക്ഷിണ റെയ്ൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് ട്രെയ്ൻ കേരളത്തിലെത്തി. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ റെയ്ൽവെ സ്റ്റേഷനിൽ ഇതിന്റെ സർവീസ് ഉദ്ഘാടനം ചെയ്യും എന്നാൽ ട്രെയ്നിന്റെ വേഗം, സമയം എന്നിവ അടുത്ത ദിവസങ്ങളിൽ നടക്കുന്ന ട്രയൽ റണ്ണിനു ശേഷമേ വ്യക്തമാവൂ.
കേരളത്തിനു ലഭിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കോട്ടയം വഴി കണ്ണൂർ വരെ ഏഴ് – ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ പിന്നിടുന്ന ഒന്നിലധികം ടൈം ടേബിളുകൾ ദക്ഷിണ റെയ്ൽവേ അധികൃതർ റെയ്ൽവേ ബോർഡിനു കൈമാറിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ തലസ്ഥാനത്തെത്തിയ ദക്ഷിണ റെയ്ൽവെ ജനറൽ മാനെജർ ആർ.എൻ. സിങ് 2 മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. തുടർന്ന് ട്രാക്ക്, സ്റ്റേഷൻ പരിശോധന തുടർന്ന അദ്ദേഹം വൈകുന്നേരം കോഴിക്കോട്ടെത്തി.
മുമ്പ് വന്ദേഭാരതിന് 8 കോച്ചുകളാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കേരളത്തിന് ലഭിച്ചിരിക്കുന്നത് 16 കോച്ചുകളുളള ട്രെയ്നാണ്. ഇത് ഒറ്റ ട്രെയ്നിൽ ഉപയോഗിച്ചാൽ വേഗത തീരെ കുറയ്ക്കേണ്ടി വരുമെന്നാണ് റെയ്ൽവെ എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ 8 ബോഗി വീതം ഉപയോഗിച്ച് വേഗം കൂട്ടി ജനശതാബ്ദി പോലെ 2 ട്രെയ്ൻ സർവീസ് നടത്താനാവുമോ എന്ന തീരുമാനവും ട്രയൽ റണ്ണിനുശേഷമേ ഉണ്ടാവൂ. അടുത്തിടെ ആരംഭിച്ച ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരതിൽ 8 ബോഗിയാണുള്ളത്.
ജനശതാബ്ദി തിരുവനന്തപുരത്തു നിന്നും കണ്ണൂരിൽ നിന്നും രാവിലെ സർവീസ് ആരംഭിക്കുന്നു. ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തുന്ന ശതാബ്ദി രാത്രി കണ്ണൂരിൽ തിരിച്ചെത്തും. ഉച്ചയ്ക്ക് കോഴിക്കോട്ടെത്തുന്ന തിരുവനന്തപുരം ശതാബ്ദി അവിടെനിന്ന് തിരികെ രാത്രി 9ന് എത്തിച്ചേരും.
തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ 80 കിലോമീറ്റർ വേഗതയിലും, അവിടെ നിന്ന് ഷൊർണൂർ വരെ 90 കിലോമീറ്ററിലും ഷൊർണൂർ മുതൽ കണ്ണൂർ വരെ 100 കിലോമീറ്റർ വേഗത്തിലും വന്ദേഭാരത് എക്സ്പ്രസിന് സർവീസ് നടത്താമെന്നാണ് പ്രതീക്ഷ. ഇത് വൈകാതെ യഥാക്രമം 100, 110, 130 കിലോമീറ്റർ വേഗതയിലേക്കു എത്തിക്കാനാണ് പദ്ധതി. ട്രാക്കിലെ വളവുകൾ നികത്താനുള്ള സർവെ അന്തിമഘട്ടത്തിലാണ്. അതു പൂർത്തിയായി സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയാൽ കൂടുതൽ വേഗത്തിൽ പോകാനാകുമെന്നു റെയ്ൽവേ അധികൃതർ അറിയിച്ചു.
കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയ്നിന് നിലവിൽ സ്റ്റോപ് തീരുമാനിച്ചിട്ടുള്ളത്. ചെങ്ങന്നൂർ, ഷൊർണൂർ സ്റ്റോപ്പുകളുടെ കാര്യം ട്രയൽ റണ്ണിനു ശേഷം തീരുമാനിക്കും. കൊച്ചുവേളിയിലായിരിക്കും അറ്റകുറ്റപ്പണികൾ. കേരളത്തിന് വന്ദേഭാരത് ട്രെയ്ൻ അനുവദിച്ചത് ഫെബ്രുവരി 11ന് "മെട്രൊ വാർത്ത' റിപ്പോർട്ട് ചെയ്തിരുന്നു.
നിരക്കിന്റെ സാധ്യത
കഴിഞ്ഞയാഴ്ച ആരംഭിച്ച ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് സർവീസിൽ ചെയർ കാർ നിരക്ക് 1,365 രൂപയാണ്. എക്സിക്യൂട്ടീവ് ക്ലാസിന് 2,485 രൂപ. 5 മണിക്കൂറാണ് 508 കിലോമീറ്റർ താണ്ടുന്നതിന് എടുക്കുന്നത്. അതു കണക്കിലെടുത്താൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേയ്ക്ക് (501 കിലോമീറ്റർ) 1,200നും 1,300നും മധ്യേയാണ് ചെയർ കാറിന് നിരക്ക് പ്രതീക്ഷിക്കുന്നത്. എക്സിക്യൂട്ടീവിന്റെ നിരക്ക് 2,300 രൂപയോടടുത്താവും.