തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.ഡി സുനിൽകുമാറിന് സസ്പെൻഷൻ. സുനിൽകുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി പോക്സോ കോടതി കണ്ടെത്തിയിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആണ്. സുനിൽകുമാറിനെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡി. പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നു പ്രതി കുറ്റവിമുക്തനായ സംഭവത്തിൽ പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. കേസിലെ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ നടപടിയെത്തിയിരിക്കുന്നത്.