തിരുവനന്തപുരം: നിലമ്പൂർ ആയിഷയ്ക്കും കെ.സി. ലേഖയ്ക്കും ഉൾപ്പെടെ 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ബുധനാഴ്ച 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
കായിക മേഖലയിലാണ് കെ.സി. ലേഖയ്ക്ക് പുരസ്കാരം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷ ജേതാവായി. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളെജ്, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്.എസ്. സിന്ധു എന്നിവരെ തെരഞ്ഞെടുത്തു.
ഇന്ത്യന്‍ വനിതാ അമച്വര്‍ ബോക്സിങ് 75 കിലോ വിഭാഗത്തെ പ്രതിനിധീകരിച്ച് 2006ലെ വനിതാ ലോക അമച്വര്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ കെ.സി. ലേഖ.
സിനിമാ നാടക നടിയായ നിലമ്പൂര്‍ അയിഷ ആദ്യ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. കൊച്ചിയില്‍ "പ്യുവര്‍ ലിവിങ്' എന്ന സ്ഥാപനം നടത്തുന്ന ലക്ഷ്മി എന്‍. മേനോന് അമ്മൂമ്മത്തിരി/വിക്സ്ഡം എന്ന ആശയം ആവിഷ്കരിക്കുകയും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം നേടിക്കൊടുത്തു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്റ്ററാണ് ആര്.എസ്. സിന്ധു.