ഗവർണർക്കെതിരേ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് വൻതുക

യൂനിവേഴ്സിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ഒഴിവാക്കിയാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കേസ് നടത്തിപ്പിനു വേണ്ടി ചുതലപ്പെടുത്തിയത്
VC spent crores for legal fight against Governor
Governor Arif Muhammad Khan

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തര്‍ക്കങ്ങളിൽ കേസ് നടത്താന്‍ സര്‍വകലാശാല ഫണ്ടില്‍ നിന്നും വൈസ് ചാൻസലർമാർ ചെലവിട്ടത് വൻ തുകകളെന്ന റിപ്പോർട്ട് പുറത്തുവന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ആകെ ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് കണ്ണൂര്‍, കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം, ശ്രീനാരായണ വിസിമാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത്.

മുന്‍ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കേസ് നടത്താന്‍ കൂടുതല്‍ പണം ചെലവഴിച്ചത്- 69 ലക്ഷം രൂപ. മുന്‍ കുഫോസ് വിസി ഡോ. റിജി ജോണ്‍ 36 ലക്ഷം രൂപയും ചെലവാക്കി. കാലിക്കറ്റ് മുന്‍ വിസി ഡോ. എം.കെ. ജയരാജിന് നാല് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് കേസിന് ചെലവായ തുക. യൂനിവേഴ്സിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ഒഴിവാക്കിയാണ് ജയരാജ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കേസ് നടത്തിപ്പിനു വേണ്ടി ചുതലപ്പെടുത്തിയത്.

ഗോപിനാഥ് രവീന്ദ്രനും റിജി ജോണിനും തുക ചെലവായതും സമാന രീതിയില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതോടയാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിനു വേണ്ടിയാണ് ഇരുവരും ഭീമമായ തുക ചെലവഴിച്ചത്.

2022ലാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വി സിമാരും ഗവര്‍ണരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാല ഉള്‍പ്പടെയുള്ള സര്‍വകലാശാലകളിലെ വി സിമാരെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്നങ്ങള്‍ക്ക് ആധാരം.

ഇതിനു പിന്നാലെ വി സിമാര്‍ കോടതിയെ സമീപിച്ചു. കേസില്‍ വിസിമാര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചെലവഴിച്ച തുകയുടെ വിവരങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം, ചെലവായ തുക വി സിമാരില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com