തിരുവനന്തപുരം: കേരള സര്‍വകലാശാലാ കാര്യവട്ടം ക്യാംപസില്‍ നടന്ന എസ്എഫ്ഐ- കെഎസ്‌യു സംഘര്‍ഷം നിയമസഭയിലേക്കെത്തി. വിഷയം ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടര്‍ന്നുണ്ടായ ഭരണ- പ്രതിപക്ഷ പോരില്‍ സഭ സ്തംഭിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ പോരിനിറങ്ങുകയും ഭരണ- പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി വാക്പോരിലേര്‍പ്പെടുകയും ചെയ്തതോടെ സ്പീക്കര്‍ നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിച്ചുവിട്ടു. ഇന്ന് സഭ വീണ്ടും ചേരും.
കാര്യവട്ടം ക്യാംപസിലെസംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 2 എല്‍എമാര്‍ക്കെതിരേയടക്കം കേസെടുത്ത വിഷയം സഭനിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ഉപക്ഷേപം പ്രതിപക്ഷത്ത് നിന്നും എം. വിന്‍സെന്‍റാണ് ഉന്നയിച്ചത്. എന്നാല്‍, പുറത്തു നിന്നും എത്തിയവരാണ് ക്യാംപസില്‍ സംഘര്‍ഷമുണ്ടാക്കിയതെന്നും സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് കൃത്യമായ ഇടപെടലും പ്രവര്‍ത്തനവുമാണ് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നപ്പോഴെല്ലാം അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രമേയത്തിന് നോട്ടീസ് നല്‍കിയ വിന്‍സെന്‍റ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നല്‍കുന്ന സംരക്ഷണമാണ് എസ്എഫ്ഐ അക്രമത്തിന് ബലം. പ്രത്യയശാസ്ത്രത്തിന്‍റെ അടിത്തറയിലല്ല, ഇടിമുറിയുടെ പിന്‍ബലത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തനം. എസ്എഫ്ഐ അതിക്രമത്തെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ ക്യാംപസ് ഉപേക്ഷിച്ചു പോകുന്നു. എസ്എഫ്ഐ കേരളത്തിന് ബാധ്യതയായി മാറിയെന്നും വിന്‍സെന്‍റ് പറഞ്ഞു. എല്ലാ ക്യാംപസുകളിലും ഇടിമുറിയുണ്ടെന്നും എം. വിന്‍സെന്‍റ് നിയമസഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെ "രക്ഷാപ്രവര്‍ത്തനം' എന്ന് സിപിഎം പറഞ്ഞതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്നും വിന്‍സെന്‍റ് കുറ്റപ്പെടുത്തി.
ഇതോടെ, നവകേരള സദസ് യാത്രയ്ക്കിടെ ഏറെ വിവാദമായ "രക്ഷാപ്രവര്‍ത്തന' പരാമര്‍ശം സഭയില്‍ ആവര്‍ത്തിച്ച മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിച്ചു. വാഹനത്തിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വാഹനം തട്ടാതിരിക്കാനാണ് അവരെ മാറ്റിയത്. താന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും? പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാന്‍ കാണുന്നില്ലല്ലോ- മുഖ്യമന്ത്രി പറഞ്ഞു. കെഎഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ എകെജി സെന്‍റര്‍ ആക്രമണം ഉള്‍പ്പടെ വിവിധ സംഭവങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.
കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ തല്ലിച്ചതച്ചതിനെ "രക്ഷാപ്രവര്‍ത്തനം' എന്ന് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. നിങ്ങള്‍ തിരുത്തില്ലെന്നു തെളിഞ്ഞു. നിങ്ങള്‍ നവകേരള സദസിനായി യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്കു തോന്നി മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല, കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്- സതീശന്‍ പറഞ്ഞു. ഇതോടെ മറുപടിയുമായി മുഖ്യമന്ത്രി എഴുന്നേറ്റു. താന്‍ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും മുഖ്യമന്ത്രിയും തിരിച്ചടിച്ചു. എല്ലാ കാലത്തും ജനങ്ങളുടെ ഒപ്പമാണ്. ജനങ്ങളുടെ കൂടെയാണ്. അവര്‍ക്കു വേണ്ടി എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ നേതാവ് വീണ്ടും പ്രകോപനമുണ്ടാക്കിയതോടെ ഭരണപക്ഷവും മന്ത്രിമാരും പ്രതിരോധവുമായി രംഗത്തെത്തി. ""അമിതമായ അധികാരം കൈയില്‍ വന്നപ്പോള്‍ അതുപയോഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയവനെ വരെ ന്യായീകരിച്ചപ്പോള്‍ നിങ്ങള്‍ വിചാരിച്ചു മഹാരാജാവാണെന്ന്. എന്നാല്‍ നിങ്ങള്‍ മഹാരാജാവല്ലെന്നാണ് കേരളം ഓര്‍മിപ്പിക്കുന്നത്'' - പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. എകെജി സെന്‍റര്‍ ആക്രമണത്തെക്കുറിച്ച് പറയുന്നവരാണ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതോടെ ബഹളം മൂര്‍ച്ഛിച്ചു. പ്രതിപക്ഷം വാക്കൗട്ട് ചെയ്യുന്നുണ്ടോ എന്നു സ്പീക്കര്‍ വിളിച്ചു ചോദിച്ചു. എന്നാല്‍, നിശബ്ദമാക്കാന്‍ താങ്കള്‍ക്ക് കഴിയില്ലായിരിക്കും, പക്ഷേ പറയാനുള്ളതെല്ലാം പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷവും ഭരണ-പക്ഷവും നടുത്തളത്തിലേക്കെത്തി വാക്പോരിലേര്‍പ്പെട്ടു. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്കടക്കം കയറാന്‍ ശ്രമിക്കുകയും ചേംബറിന് മുന്നില്‍ ബഹളം വയ്ക്കുകയും ചെയ്തു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് ശേഷവും പ്രതിപക്ഷം ഇറങ്ങിപ്പോകാതെ അരമണിക്കൂറോളം പ്രതിഷേധിച്ചതോടെ സഭാനടപടികള്‍ വെട്ടിച്ചുരുക്കി സ്പീക്കര്‍ സഭ പിരിച്ചുവിട്ടു.