എത്ര പിആർ വർക്ക് നടത്തിയിട്ടും മരുമകൻ സ്പീക്കറോടൊപ്പം എത്തുന്നില്ല, ഇതു കുടുംബഅജൻഡ; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഒരു പേപ്പർ ടേബിൾ ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്നുള്ള ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചത്
എത്ര പിആർ വർക്ക് നടത്തിയിട്ടും മരുമകൻ സ്പീക്കറോടൊപ്പം എത്തുന്നില്ല, ഇതു കുടുംബഅജൻഡ; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Updated on

തിരുവനന്തപുരം: സ്പീക്കറെ പരിഹാസപാത്രമാക്കാനുളള കുടുംബ അജൻഡയുടെ ഭാഗമാണിതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എത്ര വലിയ പിആർ വർക്ക് നടത്തിയിട്ടും മരുമകൻ സ്പീക്കറോടൊപ്പം എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസപാത്രമാക്കി, പ്രതിപക്ഷത്തിന്‍റെ ശത്രുവാക്കി മാറ്റാനുള്ള ശ്രമം. നിയമസഭാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജൻഡയാണ് സഭയിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ദൗർഭാഗ്യകരമായ സംഭവങ്ങളാണു കേരള നിയമസഭയുടെ അകത്തും, സ്പീക്കറുടെ ഓഫീസിനു മുന്നിലും നടന്നത്. തുടർച്ചയായി നിസാരമായ കാരണങ്ങൾ പറഞ്ഞുകൊണ്ട്, പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നിഷേധിക്കുന്നു. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു കാര്യത്തിലും റൂൾ15 നോട്ടിസ് അനുവദിക്കുന്നില്ല. പരിഹാസപാത്രമായി മാറുന്നതു സ്പീക്കറാണ്.

ഒരു പേപ്പർ ടേബിൾ ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്നുള്ള ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചത്. എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളത്. മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്കു പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്തവകാശമാണമുള്ളത്.

തിരുവനന്തപുരം ചെങ്കോട്ട്കോണത്ത് പതിനാറ് വയസുള്ള പെൺകുട്ടിയെ നാലു പേർ വഴിയിലിട്ട് ചവിട്ടിക്കൂട്ടി. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ കേരളത്തിലുണ്ടാകുന്നുണ്ട്. സ്ത്രീസുരക്ഷയായി ബന്ധപ്പെട്ട വിഷയം സഭയിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആഗ്രഹിച്ചു. കുട്ടികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. പോക്സോ കേസുകളുടെ എണ്ണവും കൂടുന്നു.സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് ആക്രമിക്കപ്പെടുന്നത്. ഇതു നിയസഭയിൽ അല്ലാതെ മറ്റെവിടെ പറയും. ഇതു കൗരവസഭയാണോ നിയമസഭയാണോ. അതൊന്നും ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നാണു സ്പീക്കറുടെ നിലപാട്, വി. ഡി. സതീശൻ പറഞ്ഞു.

നിരന്തരമായി പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു അതേത്തുടർന്നാണ് സ്പീക്കറുടെ ഓഫീസിനു മുന്നിലിരുന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. അങ്ങനെ പ്രതിഷേധിച്ച ആളുകളെയാണ് വാച്ച് ആൻഡ് വാർഡിന്‍റെ നേതൃത്വത്തിൽ ആക്രമിച്ചത്. ഭരണകക്ഷിയിലെ എംഎൽഎമാർ, മന്ത്രിമാരുടെ സ്റ്റാഫ് എന്നിവർ ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. നാലു പേർക്കാണ് പരുക്കേറ്റത്. എംഎൽഎമാരായ സനീഷ്കുമാർ, എകെഎം അഷറഫ്, ടി വി ഇബ്രാഹിം, കെ കെ രമ എന്നിവർക്കു പരുക്കേറ്റു. കെ കെ രമയെ ആറു വനിതാ പൊലീസുമാരാണ് വലിച്ചിഴച്ചത്. ഒരു പ്രകോപനവുമുണ്ടായില്ല. സ്പീക്കറുടെ ഓഫീസിനു മുന്നിൽ ഇതിനു മുമ്പും പ്രതിഷേധമുണ്ടായിട്ടുണ്ട്. അസംബ്ലിക്ക് അകത്തു പുറത്തും ധിക്കാരം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ സ്ഥിതിയെ ബാധിക്കുന്ന ഗൗരവമായ വിഷയം നിയമസഭയിൽ അല്ലാതെ മറ്റെവിടെ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Trending

No stories found.

Latest News

No stories found.