നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമ വിലക്ക് പിൻവലിക്കണം; സ്പീക്കർക്ക് കത്തു നൽകി പ്രതിപക്ഷ നേതാവ്

എത്രയും വേഗം മാധ്യമപ്രവർത്തകർക്കെതിരായ വിലക്ക് പിൻവലിക്കണമെന്നാണ് വിഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്
നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമ വിലക്ക് പിൻവലിക്കണം; സ്പീക്കർക്ക് കത്തു നൽകി പ്രതിപക്ഷ നേതാവ്
Updated on

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്പീക്കർക്ക് കത്തു നൽകി. നിയമസഭയിലെ ചോദ്യോത്തര വേള വരെയുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനായി മാധ്യമങ്ങളെ ഗ്യാലറിയിൽ പ്രവേശിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നതോടെ ഇത് റദ്ദാക്കിയിരുന്നു. എന്നാൽ കൊവിഡ് പ്രോട്ടോകോള്‍ പിന്‍വലിച്ച് കാലങ്ങൾ കഴിഞ്ഞിട്ടും ഈ വിലക്ക് പിൻവലിച്ചിട്ടില്ല. എത്രയും വേഗം മാധ്യമപ്രവർത്തകർക്കെതിരായ വിലക്ക് പിൻവലിക്കണമെന്നാണ് വിഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കത്തിന്‍റെ പൂർണരൂപം

ജനാധിപത്യ സംവിധാനത്തില്‍ നിയമ നിര്‍മ്മാണ സഭകള്‍, ഭരണ നിര്‍വഹണ സംവിധാനം, നീതി നിര്‍വഹണ സംവിധാനം എന്നിവയ്‌ക്കൊപ്പം നാലാം തൂണ്‍ ആണ് മാധ്യമങ്ങള്‍. ഈ നാല് തൂണുകളും ഒരു പോലെ ശക്തവും കര്‍മ്മനിരതവുമാകുന്നതാണ് ജനാധിപത്യത്തിന്റെ ഔന്നത്യവും സൗന്ദര്യവും.നിയമ നിര്‍മ്മാണ നടപടിക്രമങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി മാധ്യമ പ്രവര്‍ത്തകര്‍ക്കും സമാജികര്‍ക്കൊപ്പം അര്‍ഹമായ പരിഗണന നല്‍കിപ്പോരുന്ന കീഴ് വഴക്കമാണ് രൂപീകൃതമായ കാലം മുതല്‍ക്കെ കേരള നിയമസഭയ്ക്കുള്ളത്.

എന്നാല്‍ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള അനുവാദം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല.നിയമസഭാ ദൃശ്യങ്ങള്‍ക്കായി മാധ്യമങ്ങള്‍ ആശ്രയിക്കുന്ന സഭ ടി.വിയാകട്ടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പുറത്ത് വിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയിരിക്കുകയാണ്.

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമനിര്‍മ്മാണ സഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്, പ്രത്യേകിച്ചും അത് കേരളത്തിലാകുമ്പോള്‍ നിയമസഭയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച തെറ്റായ സന്ദേശവുമാണ് നല്‍കുന്നത്.ഈ സാഹചര്യത്തില്‍ നിയമസഭയുടെ കീഴ് വഴക്കം അനുസരിച്ച് എല്ലാ അംഗീകൃത ദൃശ്യ മാധ്യമ ചാനലുകള്‍ക്കും ചോദ്യോത്തര വേളയുടെ തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള അനുവാദം പുന:സ്ഥാപിച്ചു നൽകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Trending

No stories found.

Latest News

No stories found.