തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില റെക്കോഡിട്ടിരിക്കുകയാണ്. 2 ദിവസം മുൻപ് 60 ൽ നിന്ന തക്കാളിയും ക്യാരറ്റുമൊക്കെ സെഞ്ച്വറി തികച്ചു. ഇഞ്ചി വില 220 ൽ. പച്ചമുളകിന് ഒറ്റയടിക്ക് വർധിച്ചത് 50 രൂപ. ചുരുക്കിപ്പറഞ്ഞാൽ സാധാരണക്കാരൻ പട്ടിണിയിലാവുന്ന അവസ്ഥ.
ഇത് സാധാരണ വിപണിയിലെ കാര്യമാണ്. നഗരത്തിലെ മറ്റ് ഭാഗങ്ങളിൽ ഇതിൽ നിന്നു 10 രൂപ മുതൽ 30 രൂപവരെ കൂടിയ വിലയ്‌ക്കാണ് വിൽപ്പന. സാധനം വാങ്ങാനെത്തുന്നവരുടെ കണ്ണു തള്ളും. പച്ചക്കറി വിലയിൽ മാത്രമല്ല, അരി വിലയിലും വലിയ വർധനവാണ്.
സർക്കാരിന്‍റെ ഹോർട്ടികോർപ്പലിലും ഇതിന് വലിയ മാറ്റമില്ല, എല്ലാം നൂറിന് മുകളിൽ തന്നെ. ആന്ധ്രയിൽ നിന്നുള്ള പച്ചക്കറി എത്തുന്നതും മഴമൂലം കൃഷിക്കുണ്ടാവുന്ന തിരിച്ചടിയുമൊക്കെ ഇതിന് കാരണങ്ങളാണ്. ഇനിയും പച്ചക്കറിയുടെ വരവ് കുറഞ്ഞാൽ വിലയിൽ വീണ്ടും വർധനവുണ്ടാകും. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവും.