ഗ്രാമവണ്ടിക്ക് അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാക്കും: മന്ത്രി ആന്‍റണി രാജു

ഗ്രാമവണ്ടിക്ക് ഇന്ധനത്തുക കണ്ടെത്തുന്നതിന് ഏതു സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കാം. വാഹനങ്ങളില്‍ പരസ്യവും ചെയ്യാം
ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം
ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം
Updated on

പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടിക്ക് അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം തുലാപ്പള്ളിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്തുകള്‍ അപേക്ഷ നല്‍കിയാല്‍ ഇനിയും വാഹനങ്ങള്‍ അനുവദിക്കും. യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടിടത്ത് അവ നല്‍കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്. എല്ലാ ജനങ്ങള്‍ക്കും യാത്രാ സൗകര്യമൊരുക്കുവാന്‍ വകുപ്പ് ബാധ്യസ്ഥരാണ്. ജനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടില്‍ അവര്‍ നിശ്ചയിക്കുന്ന സമയത്ത് വാഹനം ഓടിക്കുകയാണ് ഗ്രാമവണ്ടിയുടെ ലക്ഷ്യം.

ജനങ്ങളുടെ അഭിപ്രായമനുസരിച്ചായിരുന്നില്ല വാഹനങ്ങളുടെ സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമാകുന്നതോടെ അവയ്ക്ക് വിരാമമാകും. കെഎസ്ആര്‍ടിസിയില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഗ്രാമവണ്ടിയിലുണ്ടാവും. ഗ്രാമവണ്ടിക്ക് ഇന്ധനത്തുക കണ്ടെത്തുന്നതിന് ഏതു സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കാം. വാഹനങ്ങളില്‍ പരസ്യവും ചെയ്യാം. നിയമസഭസമ്മേളനത്തിനു ശേഷം റാന്നി മണ്ഡലത്തിലെ യാത്രാക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി സാധരണ ജനങ്ങളുടെ യാത്രാ സൗകര്യത്തില്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കേരളത്തിലെ പതിനഞ്ചാമത് ഗ്രാമവണ്ടിയാണ് പെരുനാടിന് സ്വന്തമായിരിക്കുന്നത്.

രാവിലെ 11 ന് ആരംഭിച്ച് രാത്രി 7.50ന് അവസാനിക്കുന്ന രീതിയിലാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. ദിവസം 260 കിലോമീറ്ററാണ് വാഹനം ഓടുക. രാവിലെ 11ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട് വടശേരിക്കര, മാമ്പാറ വഴി മണിയാര്‍, 12.40ന് മണിയാറില്‍ നിന്ന് കൂനംകര, മണപ്പുഴ വഴി കോളമല. 1.20 ന് കോളമല - പുതുക്കട - കണ്ണനുമണ്‍ - പെരുനാട് - വടശേരിക്കര - ബംഗ്ലാംകടവ്, ചെറുകുളഞ്ഞി എത്തല - റാന്നി. ഉച്ചയ്ക്ക് ശേഷം മൂന്നിന് റാന്നി - വലിയകുളം - മുക്കം - കൊച്ചുപാലം. വൈകിട്ട് നാലിന് കൊച്ചുപാലം - മുക്കം - റാന്നി. വൈകിട്ട് അഞ്ചിന് റാന്നി -വലിയകുളം - മുക്കം - പെരുനാട് - ളാഹ - പ്ലാപ്പള്ളി - ഇലവുങ്കല്‍ - തുലാപ്പളളി - കിസുമം - അരയാഞ്ഞിലിമണ്‍ - രാത്രി 7.50ന് സ്റ്റേ. രാവിലെ ഏഴിന് അരയാഞ്ഞിലിമണ്ണില്‍ നിന്ന് വലിയകുളം - മുക്കം - പെരുനാട് - ളാഹ - പ്ലാപ്പള്ളി - ഇലവുങ്കല്‍ - തുലാപ്പള്ളി - കിസുമം - റാന്നി. 10ന് റാന്നി - ഉതിമൂട് - മണ്ണാരക്കുളഞ്ഞി-മൈലപ്ര-പത്തനംതിട്ട.

ആദ്യ ദിനത്തിലെ ആദ്യ യാത്ര സര്‍വീസ് ജനങ്ങള്‍ക്ക് സൗജന്യമായി മന്ത്രി നല്‍കി. എബ്രഹാം കുളനട ആദ്യ ദിനത്തിലെ വാഹനത്തിന്റെ ഇന്ധനം സ്‌പോണ്‍സര്‍ ചെയ്തു.

ബസിന്റെ ഡീസല്‍ ചെലവ് മാത്രം പഞ്ചായത്ത് വഹിച്ച് റൂട്ടുകളും സമയക്രമങ്ങളും പഞ്ചായത്ത് നിര്‍ദേശിക്കുന്നതിന് അനുസൃതമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. മാത്യു കൊന്നാട്ട്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മോഹിനി വിജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, കെഎസ്ആര്‍ടിസി സൗത്ത് എക്‌സി.ഡയറക്ടര്‍ ജി. അനില്‍കുമാര്‍, ക്ലസ്റ്റര്‍ ഓഫീസര്‍ തോമസ് മാത്യു, ഗ്രാമവണ്ടി സ്‌പെഷ്യല്‍ ഓഫീസര്‍ വി.എം. താജുദീന്‍ സാഹിബ്, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ആര്‍ടിസി ഡയറക്ടര്‍മാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.