മലപ്പുറം: മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയിൽ ആശങ്ക തുടരുകയാണ്. ഇന്നലെ മാത്രം പോത്തുകല്ല് മേഖലയിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാണ് ഉടൻ ചികിത്സ തേടണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചിരുന്നു. ഇതോടെ ജില്ലയിൽ രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 3 ആയി.
കരുതല്‍ നടപടികളുടെ ഭാഗമായി പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിറര്‍ദേശമുണ്ട്. വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.