വിർച്വൽ ക്യൂ ഭക്തരുടെയും ക്ഷേത്രത്തിന്‍റെയും സുരക്ഷയ്ക്ക്: തിരുവിതാംകൂർ ദേവസ്വം

ഭക്തർക്ക് സംതൃപ്തമായ മണ്ഡല മകരവിളക്ക് മഹോത്സവം പ്രദാനം ചെയ്യുന്നതിന് ദേവസ്വം ബോർഡിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് പി.എസ്. പ്രശാന്ത് അറിയിച്ചു.
Virtual queue for safety of devotees and temple: Travancore Devaswom
വിർച്വൽ ക്യൂ ഭക്തരുടെയും ക്ഷേത്രത്തിന്‍റെയും സുരക്ഷയ്ക്ക്: തിരുവിതാംകൂർ ദേവസ്വം
Updated on

തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഉണ്ട്, ഇനിയും ഉണ്ടാവുമെന്ന് ഇപ്പോൾ പറഞ്ഞാൽ ആരെങ്കിലും വിർച്വൽ ക്യൂ ബുക്ക് ചെയ്ത് വരുമോയെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ക്രൗഡ് മാനേജ്മെന്‍റ് ഒരു വിഷയമാണ്. വിർച്വൽ ക്യൂ ബുക്ക് ചെയ്താൽ എത്ര പേർ വരുന്നു എന്നതിനേക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ അറിയാൻ പറ്റും. അതിനനുസരിച്ച് പ്രസാദവിതരണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാനാവുമെന്നും അഡ്വ. പി.എസ്. പ്രശാന്ത് ചൂണ്ടിക്കാട്ടി.

വെർച്വൽ ക്യൂ എന്നത് ശബരിമലയിലേക്കെത്തുന്ന ഭക്തരുടെ ആധികാരമായ ഡാറ്റയാണ്. അത് ആധാർ വെരിഫിക്കേഷൻ ഉൾപ്പെടെ ചെയ്താണ് വരുന്നത്. സ്പോട്ട് ബുക്കിങ് എന്നത് എൻട്രി പാസ് മാത്രമാണ്. സുരക്ഷ മുൻ നിർത്തിയാണ് തീരുമാനം. 2021 മുതലാണ് വെർച്വൽ ക്യൂവിന്‍റെ കാര്യങ്ങൾ ആലോചിച്ച് തുടങ്ങിയത്. അത് പൊലീസാണ് നടപ്പാക്കിയത്. പിന്നീട് ഹൈക്കോടതി വിധിയനുസരിച്ച് ദേവസ്വം ബോർഡ് അതേറ്റെടുക്കുകയായിരുന്നു. 2022-2023-വർഷങ്ങളിലെ മണ്ഡലകാലത്ത് ആകെയുണ്ടായ സ്പോട്ട് ബുക്കിങ്ങുകൾ 3,95, 634 ആയിരുന്നു. എന്നാൽ 2023-2024-ലേക്ക് വരുമ്പോൾ അത് 4,85,063 ആയി.

വെർച്വൽ ക്യൂ ഉള്ളപ്പോഴും സ്പോട്ട് ബുക്കിങ് കൂടുകയാണ് ചെയ്യുന്നത്. അത് ആശാസ്യമായ കാര്യമല്ല. ഭക്തരുടെ സുരക്ഷയും ക്ഷേത്രത്തിന്‍റെ സുരക്ഷയും കണക്കിലെടുത്താണ് വെർച്വൽ ക്യൂ സംവിധാനം ഒരുക്കിയത്. മറ്റൊരു ക്ഷേത്രവും പോലെയല്ല ശബരിമല. പമ്പ മുതൽ സന്നിധാനം വരെ അപകടം പതിയിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ അതിനോടനുബന്ധിച്ച് ആധികാരമായ ഒരു രേഖ വേണം എന്നുള്ളതുകൊണ്ടാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നത്.

ഭക്തർക്ക് സംതൃപ്തമായ മണ്ഡല മകരവിളക്ക് മഹോത്സവം പ്രദാനം ചെയ്യുന്നതിന് ദേവസ്വം ബോർഡിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് പി.എസ്. പ്രശാന്ത് അറിയിച്ചു. ഏപ്രിൽ മാസം മുതൽ അവലോകന യോഗങ്ങൾ തുടങ്ങിയിരുന്നു. എല്ലാ മാസവും നടക്കുന്ന യോഗങ്ങളുടെ തുടർച്ചയായാണ് വെള്ളിയാഴ്ചയും യോഗം നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരാമത്ത് പ്രവൃത്തികളായാലും പ്രസാദവിതരണത്തിന്‍റെ കാര്യമായാലും 90 ശതമാനം പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. പമ്പയിൽ ഗസ്റ്റ്ഹൗസിന്‍റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്‍റെയും ജോലികൾ നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.