വിഴിഞ്ഞത്ത് സെപ്റ്റംബറിൽ കപ്പൽ അടുക്കും

അക്രമ സമരങ്ങളില്‍ പൊലീസെടുത്ത കേസുകള്‍ അവസാനിപ്പിക്കില്ല: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
വിഴിഞ്ഞത്ത് സെപ്റ്റംബറിൽ കപ്പൽ അടുക്കും
Updated on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 2024 മേയിലേ വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകൂ. കപ്പല്‍ അടുക്കുന്നതിനുള്ള ബെര്‍ത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തില്‍ 400 മീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഏറ്റവും വലിയ കപ്പല്‍ അടുക്കാന്‍ ഇതു തന്നെ ധാരാളമാണെന്നും മന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം കേസരി ഹാളില്‍ നടത്തിയ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ മലയാളികള്‍ക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍ എത്തുമെന്നും മന്ത്രി.

ചൈനയില്‍ നിന്നും ക്രെയിനുകള്‍ വഹിച്ചുകൊണ്ടുള്ള കപ്പലാകും ആദ്യം എത്തുക.

3100 മീറ്റര്‍ നീളമുള്ള പുലിമുട്ടിന്‍റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ണതയിലെത്തുകയാണ്. 2350 മീറ്റര്‍ നീളം ഇതുവരെ പൂര്‍ത്തിയായി. ഇനി 30 ലക്ഷം ടണ്‍ കല്ലുകള്‍ കൂടി വേണം. കല്ല് ലഭ്യമാകാനുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു തമിഴ്നാട് സര്‍ക്കാരുമായി സംസാരിച്ചു. തമിഴ്നാട്ടില്‍ നിന്നും പാറകള്‍ ലഭ്യമാകാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതു സംസാരിച്ചു പരിഹരിച്ചതിനുശേഷം കല്ല് സുഗമമായി വരുന്നുണ്ട്. കൂടാതെ കേരളത്തിലെ ഏഴ് ക്വാറികള്‍ക്ക് അനുമതി ലഭ്യമാക്കിയതുകൊണ്ട് പുലിമുട്ട് നിര്‍മ്മാണത്തിനാവശ്യമായ പാറപൊട്ടിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ പാറയുടെ ലഭ്യതക്കുറവുണ്ടാകില്ല. മണ്‍സൂണ്‍ കാലത്തു കല്ല് സംഭരിക്കുകയും മഴക്കാലം തീരുമ്പോള്‍ കടലില്‍ നിക്ഷേപിക്കുകയുമാണ് ചെയ്യുക.

കല്ല് സംഭരിക്കാന്‍ പെരുമാതുറ മുതലപ്പൊഴിയില്‍ അഡാനി ഗ്രൂപ്പിന് അനുവദിച്ച ബീച്ച് ആവശ്യമായ കാലം കൂടി ഉപയോഗിക്കാന്‍ അനുവദിക്കും. സംസ്ഥാനത്തെ 17 ചെറിയ തുറമുഖങ്ങളുമായി വിഴിഞ്ഞത്തെ ന്ധപ്പെടുത്തി ചരക്കുനീക്കത്തിനായി ജലഗതാഗതം ഉപയോഗിക്കും. ചരക്കുനീക്കത്തിനു ജലമാര്‍ഗം ഉപയോഗിക്കുന്നതോടെ റോഡുകളിലെ തിരക്ക് ഒഴിവാകുകയും അപകടം കുറയുകയും ചെയ്യും. വിഴിഞ്ഞം തുറമുഖ നിര്‍മാണ കമ്പനി ആവശ്യപ്പെട്ട പ്രകാരം ചര്‍ച്ച് മാറ്റുവാന്‍ സംഘടന സര്‍ക്കാരിനോടു സമ്മതിച്ചിട്ടുണ്ട്. അവര്‍ ഒപ്പം ചില ആവശ്യങ്ങളും സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്. വിഴിഞ്ഞത്തെ തദ്ദേശിയര്‍ക്കു തുറമുഖത്തു ജോലി നല്‍കുന്നതിനായി അസാപ് വഴി തൊഴില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അക്രമ സമരങ്ങളില്‍ പൊലീസെടുത്ത കേസുകള്‍ അവസാനിപ്പിക്കില്ല. ക്രമസമാധാന പ്രശ്നം പൊലീസ് നോക്കിക്കോളുമെന്നും കൂടുതല്‍ കാര്യത്തില്‍ ആഭ്യന്തരമന്ത്രി മറുപടി പറയുമെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.