സന്നിധാനം: മണ്ഡല പൂജയ്ക്കു തുടക്കം കുറിച്ച് വൃശ്ചികപ്പുലരിയില്‍ ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട തുറന്നപ്പോൾ ദര്‍ശനത്തിനെത്തിയത് ആയിരക്കണക്കിന് അയ്യപ്പന്മാര്. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. മണികണ്ഠന്മാരും കൊച്ചു മാളികപ്പുറങ്ങളും അയ്യപ്പന്മാര്ക്കും മാളികപ്പുറങ്ങള്‍ക്കുമൊപ്പമുണ്ട്.
പുലര്‍ച്ചെ മൂന്നു മണിക്കു മേൽശാന്തി പി.എൻ. മഹേഷ് നട തുറക്കും മുമ്പു തന്നെ അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, സുന്ദരേശന്, ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം, എഡിജിപി എം.ആർ. അജിത്ത്കുമാർ, ശബരിമല എഡിഎം സൂരജ് ഷാജി, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്. അജിത് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സുഖദര്ശനത്തിനും നെയ്യഭിഷേകത്തിനുമൊക്കെ മികച്ച ക്രമീകരണമാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെ മികച്ച സേവനം മൂലം ദര്‍ശനത്തിനായി അധികസമയം തീര്‍ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നില്ല.ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ എല്ലാ ഭക്തർക്കും ഭക്ഷണം സൗജന്യമായി നല്കുന്നു. രാവിലെ ആറര മുതല്‍ 11 വരെ ഉപ്പുമാവും കിഴങ്ങുകറിയും, ചായയും. 12 മുതല്‍ 4വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണം. വൈകുന്നേരം 6.30 മുതല്‍ കഞ്ഞി. ഒരേ സമയം 5,000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്നതാണ് അന്നദാന മണ്ഡപം.
നിലവില്‍ 21 ലക്ഷം അരവണ ടിന്നുകളും 3.25 ലക്ഷം അപ്പവും സ്റ്റോക്കുണ്ട്. നിലയ്ക്കല്‍ ബേയ്സ് ക്യാംപില്‍ വിരിവയ്ക്കാനും വാഹന പാര്‍ക്കിങ്ങിനും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ആവശ്യത്തിന് സര്‍വീസ് നടത്തുന്നു.