കൊച്ചി: വയനാട് ജില്ലയിലെ മാനന്തവാടി തവിഞ്ഞാലിൽ 5 കുടുംബങ്ങൾക്ക് വഖഫ് ആക്റ്റ് പ്രകാരം നോട്ടീസ്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കൈയേറിയെന്നാണ് നോട്ടീസ്. ഒക്റ്റോബർ 10നു കിട്ടിയ പരാതിയിലാണ് നോട്ടീസ്. അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയുടെ മുന്നോടിയായാണിത് എന്നു പറയുന്നു. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നകം ഹാജരാക്കണമെന്നു നിർദേശിച്ചിരിക്കുന്നു. 19ന് നേരിട്ടു ഹാജരാകുകയും വേണം. പുതിയിടം ആലക്കണ്ടിയില്‍ രവി, സമീപവാസികളായ പി.പി. സലിം, ഹംസ, ജമാൽ, റഹ്‌മത്ത് എന്നിവർക്കാണു നോട്ടീസ്.
തൃശൂർ ജില്ലയിലെ ചാവക്കാട് നഗരസഭയിൽ മണത്തല വില്ലെജ് പരിധിയിലെ ചില ഭൂമിയിലും വഖഫ് ബോർഡ് അവകാശമുന്നയിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. 6 സര്‍വെ നമ്പറുകളിലായി 17 ഏക്കര്‍ ഭൂമിയില്‍ താമസിക്കുന്ന 200ലധികം കുടുംബങ്ങളാണ് മണത്തലയില്‍ വഖഫ് ബോര്‍ഡില്‍ നിന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്.
എറണാകുളം മുനമ്പം തീരമേഖലയിലെ 600ലേറെ കുടുംബങ്ങൾ വഖഫ് നോട്ടീസിനെതിരേ നടത്തുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴാണ് വയനാട്ടിലും ചാവക്കാട്ടും നടപടികളുമായി വഖഫ് ബോർഡിന്‍റെ ഭീഷണി. തലപ്പുഴയിലെ 5.77 ഏക്കര്‍ ഭൂമി വഖഫിന്റെതെന്ന് കാട്ടി ഭൂമി ഉടമക്ക് നോട്ടീസ്.
മാനന്തവാടി പുതിയിടം ആലക്കണ്ടിയില്‍ രവിയും സമീപവാസികളും കാലങ്ങളായി താമസിച്ചു വരുന്ന സ്ഥലം തലപ്പുഴ ഹയാത്തുള്‍ ജുമാ അത്ത് പള്ളിയുടെതാണെന്നാണ് വഖഫ് അവകാശപ്പെടുന്നത്. നോട്ടീസ് ലഭിച്ചതോടെ പിറന്നുവീണ മണ്ണില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് ഇവര്‍. പത്തിലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. 1966ല്‍ വിലയ്ക്ക് വാങ്ങിയ ഭൂമി വരെ ഇതില്‍പ്പെടുന്നു. ഭീതിയിലാണെങ്കിലും തങ്ങളുടെ മണ്ണില്‍ നിന്ന് മരിക്കേണ്ടി വന്നാലും ഇറങ്ങില്ല എന്നാണ് ഈ കുടുംബങ്ങള്‍ പറയുന്നത്.
ചാവക്കാട്ട് മകളുടെ വിവാഹത്തിന് വേണ്ടി ബാങ്ക് വായ്പയെടുക്കാൻ ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിന് മണത്തല വില്ലെജ് ഓഫിസില്‍ പോയപ്പോഴാണ് ആകെയുള്ള 10 സെന്‍റ് ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച് നോട്ടീസ് നല്കിയ വിവരം വലിയകത്ത് ഹനീഫ അറിയുന്നത്. വസ്തു ക്രയവിക്രയത്തിനാവശ്യമായ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റോ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ നൽകരുതെന്നാണ് വഖഫ് ബോര്‍ഡില്‍ നിന്നും വില്ലെജ് ഓഫിസിലേക്ക് നോട്ടിസ് വന്നത്.
ഹനീഫ മാത്രമല്ല 6 സര്‍വെ നമ്പറുകളിലായി 17 ഏക്കര്‍ ഭൂമിയില്‍ താമസിക്കുന്ന 200ലധികം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. 100 വര്‍ഷത്തിലധികമായി താമസിക്കുന്ന പരമ്പരാഗത സ്വത്തുക്കളിലും വില കൊടുത്ത് വാങ്ങിയവയിലും പട്ടയം ലഭിച്ച വസ്തുക്കളിലും വഖഫ് ബോർഡ് അവകാശമുന്നയിച്ചതില്‍ അമ്പരന്നിരിക്കുകയാണ് പ്രദേശവാസികള്‍. ചാവക്കാട് നഗരസഭ ഇരുപതാം വാര്‍ഡില്‍ മണത്തല പള്ളിയുടെ പുറകിലാണ് ഈ സ്ഥലം.
സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും യാതൊരു അനുകൂല പ്രതികരണവും ഉണ്ടായിട്ടില്ല. ചാവക്കാട് മണത്തല നിവാസികളുടെ ഈ അവസ്ഥ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാവ് അന്‍മോല്‍ മോത്തി പറഞ്ഞു.