തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ) എന്നീ നദികളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത നിർദേശം.
ചാലക്കുടിയിൽ അതീവ ജാഗ്രത നിർദേശം നൽകി. ചാലക്കുടി പുഴയിൽ ഒന്നര മീറ്റർ കൂടി ജലനിരപ്പ് ഉയരും. പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് വാൽവ് കൂടി തുറന്നതോടെ അപകടകരമായ ജലനിരപ്പിൽ എത്തി. ചാലക്കുടി പുഴയുടെ നിലവിലെ ജലനിരപ്പ് 8.10 മീറ്റർ ആയി ഉയർന്നു. അതിരപ്പിള്ളി, പരിയാരം, മേലൂർ , കാടുക്കുറ്റി, അന്നമനട , കൂടൂർ , എറിയാട് പ്രദേശങ്ങളിൽ ജില്ലാ കലക്ടർ അതീവ ജാഗ്രത പുറപ്പെടുവിച്ചു. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം അടച്ചു.
പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നു. പീച്ചി ഡാമിന്‍റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെ.മീ വീതവും, വാഴാനി ഡാമിന്‍റെ 4 ഷട്ടറുകള്‍ 90 സെ.മീ വീതമാണ് തുറന്നത്. പൂമല ഡാമിന്‍റെ 4 ഷട്ടറുകള്‍ 15 സെ.മീ വീതവും പത്താഴക്കുണ്ട് ഡാമിന്‍റെ 4 ഷട്ടറുകള്‍ 8 സെ.മീ വീതവും തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്. ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.