എം.ബി.സന്തോഷ്
തിരുവനന്തപുരം: ചേലക്കര നിയമസഭാ മണ്ഡലം നിലനിർത്തിയാൽ സംസ്ഥാനത്തെ മൂന്നാം തുടർഭരണത്തിന് എൽഡിഎഫിന് ആത്മവിശ്വാസത്തോടെ മുന്നേറാം. മറിച്ച്, ചേലക്കര പിടിച്ചാൽ കേരള ഭരണം മാറുമെന്ന് യുഡിഎഫിന് ഉറപ്പിക്കാം. അതുകൊണ്ടു തന്നെ അടുത്ത വർഷം 60 തികയുന്ന ചേലക്കര മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലും തീച്ചൂട്. കൽപ്പാത്തി രഥയാത്ര കാരണം പാലക്കാട്ടെ തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിയിരിക്കുകയാണ്.
ഭരണവിരുദ്ധ വികാരമില്ലെന്ന് പറയുന്നുണ്ടെങ്കിലും അതുണ്ടോ എന്ന് എൽഡിഎഫിന് അറിയാനുള്ള ഉരകല്ലായിരിക്കും ചേലക്കര. കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണം മുതൽ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിലെ സർക്കാരിന്‍റെ നിസംഗതയിൽ ക്രൈസ്തവ സഭകളുടെ എതിർപ്പു വരെ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്.
തുടർച്ചയായി 6 തവണ എൽഡിഎഫിനൊപ്പം നിന്ന ചേലക്കര മണ്ഡലത്തിൽ 2021ൽ കെ. രാധാകൃഷ്‌ണൻ 39,400 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അവവിടെ 5,173 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ. അതാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എന്നാൽ, അതിനുമുമ്പ് 2016ൽ 10,200 ഭൂരിപക്ഷത്തിൽ ജയിച്ച യു.ആർ. പ്രദീപ് വീണ്ടുമെത്തുമ്പോൾ ജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് സിപിഎം. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തോറ്റതിന്‍റെ സഹതാപത്തിനൊപ്പം പുതിയതായി ചേർത്ത 6,000ത്തോളം വോട്ട് ജയിപ്പിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടൽ.
തിരുവില്വാമല പഞ്ചായത്ത് അംഗവും മുന്‍ വൈസ് പ്രസിഡന്‍റുമായ കെ. ബാലകൃഷ്ണന് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ നേടിയ വോട്ട് നിലനിർത്തിയാൽ പോലും ബിജെപിക്ക് നേട്ടമാവും. ഇടതു പാളയം വിട്ട പി.വി. അൻവർ എംഎൽഎയുടെ ഡിഎംകെ സ്ഥാനാർഥിയായി കെപിസിസി മുൻ സെക്രട്ടറി എൻ.കെ. സുധീർ മത്സരിക്കുന്നത് യുഡിഎഫിനെയാവും കൂടുതൽ ബാധിക്കുക. എന്നാൽ, 2,000 വോട്ടിൽ താഴെയേ സുധീർ പിടിക്കൂ എന്നാണ് പ്രധാന മുന്നണികൾ പറയുന്നത്.
വയനാട്ടിൽ സിപിഐ നേതാവ് സത്യൻ മൊകേരിയുടെ ജയം എൽഡിഎഫ് പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവിടെ, പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷം കടത്താനാണ് യുഡിഎഫ് പ്രവർത്തനം. ബിജെപിയുടെ നവ്യ ഹരിദാസിനും പേരിനുള്ള മത്സരമേയുള്ളൂ. അതുകൊണ്ടു തന്നെ മറ്റുള്ളിടങ്ങളിലെ മത്സരച്ചൂടില്ലാതെ കാലാവസ്ഥ പോലെ തണുത്ത പ്രചാരണമാണ് വയനാട്ടിൽ.