വയനാട് ദുരന്തം; സഹായം വൈകുന്നതിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ദുരന്തഭൂമി വീണ്ടെടുക്കേണ്ടതല്ലേയെന്നും അവിടെക്കായി എന്തെങ്കിലും ചെയ്തുകൂടെയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
wayanad landslide, high court seek explanation from union government
വയനാട് ദുരന്തം; സഹായം വൈകുന്നതിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Updated on

കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിശദീകരണത്തിന് കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയപ്പോൾ വലിയ ദുരന്തത്തെ നേരിടുന്ന വയനാട് ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്നാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചു. ദുരന്തഭൂമിയുടെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. ആ ഭൂമി വീണ്ടെടുക്കേണ്ടതല്ലേയെന്നും അവിടെക്കായി എന്തെങ്കിലും ചെയ്തുകൂടെയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്. തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂർത്താക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചെന്ന് എജി അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തകരുടെ മനോവീര്യം തകരുന്ന സാഹചര്യമുണ്ടാക്കി. മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും എന്നാൽ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.