'നെഞ്ച് പൊട്ടി' വയനാട്; കൈ മെയ് മറന്ന് കേരളം

മുണ്ടക്കൈയിൽ താത്കാലികമായി രക്ഷാപ്രവർത്തനം നിർത്തി
'നെഞ്ച് പൊട്ടി' വയനാട്; കൈ മെയ് മറന്ന് കേരളം
'നെഞ്ച് പൊട്ടി' വയനാട്; കൈ മെയ് മറന്ന് കേരളം
Updated on

തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയിൽ കൈമെയ് മറന്ന് കേരളം. ദുരന്തഭൂമിയിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. 122 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. മുണ്ടക്കൈയിൽ താത്കാലികമായി രക്ഷാപ്രവർത്തനം നിർത്തി. ബുധനാഴ്ച പുലർച്ചെ മുതലേ രക്ഷാപ്രവർത്തനം തുടരും. ദുരന്ത വിവരം അറിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് എന്നിവരുള്‍പ്പെടെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി ഒട്ടേറെ പേർ വിളിച്ച് ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ 5,531 ആളുകളെ ക്യാമ്പുകളില്‍ താമസിപ്പിച്ചിട്ടുണ്ട്.

ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, പൊലീസ്, തുടങ്ങിയ വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കി. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തി. ഫയര്‍ ഫോഴ്സില്‍ നിന്നും 329 അംഗങ്ങളെ വിവിധ ജില്ലകളില്‍ നിന്നായി വയനാടിലേക്ക് നിയോഗിച്ചു. ഇതില്‍ വാട്ടര്‍ റെസ്ക്യൂ അക്കാദമിയിലെ 35 ട്രെയിന്‍ഡ് അംഗങ്ങളും, 86 സിവില്‍ ഡിഫെന്‍സ്, ആപ്ത മിത്ര അംഗങ്ങളും ഉള്‍പ്പെടുന്നു.

എന്‍ഡിആര്‍എഫിന്‍റെ 60 അംഗ ടീം വയാനട്ടില്‍ എത്തി . ബാംഗ്ലൂരില്‍ നിന്നുള്ള സംഘം വയാനാട്ടിലേക്ക് പുറപ്പെട്ടു. ഡിഎസ് സിയുടെ 64 പേരടങ്ങുന്ന ടീം വയനാട് എത്തി. 89 പേരുടെ ടീം പുറപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ഡിഎസ് സി ടീം കണ്ണൂരില്‍ സജ്ജമാണ്. സുലൂരില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട എയര്‍ഫോഴ്സിന്‍റെ 2 ചോപ്പറുകള്‍ പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് നില്‍ക്കുകയാണ്. നേവിയുടെ റിവര്‍ക്രോസിങ്ങ് ടീമിനായും ഇടി എഫ് ആര്‍മിയുടെ ഒരു ടീമിനായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ടീമിനായും റിക്വസ്റ്റ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ജില്ലകളില്‍ നിന്നുള്ള 30 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് ടീമുകളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും നിയോഗിച്ചു. ആരക്കോണത്ത് നിന്നുള്ള സംഘം പാലക്കാട്ടേക്കും പുറപ്പെട്ടു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജി, ഡിഐജി എന്നിവര്‍ ദുരന്ത മേഖലയില്‍ എത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാനവിഭാഗം എഡിജിപിയും വായനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.ലോക്കല്‍ പൊലീസിനെ കൂടാതെ കേരള ആംഡ് പൊലീസ് ബറ്റാലിയനുകള്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍റ് റെസ്ക്യു ഫോഴ്സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലുണ്ട് .കെഎപി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിങ് സെന്‍ററില്‍ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച പ‌ൊലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. തിരച്ചിലിന് സഹായിക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്ന് പൊലീസിന്‍റെ ഡ്രോണ്‍ സംഘങ്ങളെയും വയനാട്ടിലേയ്ക്ക് നിയോഗിച്ചു. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച 2 പൊലീസ് നായ്ക്കളേയും ഉപയോഗിക്കുന്നു. സൈന്യത്തിന്‍റെ പരിശീലനം സിദ്ധിച്ച നായ്ക്കളെ ലഭ്യമാക്കാനും അഭ്യര്‍ത്ഥിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമുള്ള യന്ത്രസാമഗ്രികളുമായി ബാംഗ്ലൂരില്‍ നിന്ന് എത്തുന്ന കരസേനാവിഭാഗങ്ങള്‍ക്ക് തടസ്സം കൂടാതെ എത്തിച്ചേരുന്നതിനായി ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു .

പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിന് പൊലീസ് എല്ലാവിധ സഹായവും നല്‍കുന്നുണ്ട്. മൃതദേഹങ്ങള്‍പോസ്റ്റുമോര്‍ട്ടം പരിശോധനയും ഇന്‍ക്വസ്റ്റും നടത്തി ബന്ധുക്കള്‍ക്ക് കൈമാറാനും നടപടി സ്വീകരിച്ചുവരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട്ടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ളഫോറന്‍സിക് ഡോക്റ്റര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു .

ആരോഗ്യ വകുപ്പിന്‍റെ കൺട്രോൾ റൂമുകൾ

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്റ്റർ ഡോ. ജീവൻ ബാബുവിന്‍റെ നേതൃത്വത്തിൽ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

ആരോഗ്യ ഡയറക്റ്റർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്റ്റർ ഡോ. റീത്ത, എൻഎച്ച്എംസ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ് തുടങ്ങിയവരും സംസ്ഥാനതല സംഘത്തിലുണ്ടാകും.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്റ്ററേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745. സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827.

ചൂരൽമല കൺട്രോൾ റൂം

ഉരുൾപൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈ ചൂരൽമലയിൽ ആരംഭിച്ച താലൂക്ക് തല ഐആർഎസ് കൺട്രോൾ റൂം നമ്പറുകൾ: ഡെപ്യൂട്ടി കലക്റ്റർ- 8547616025, തഹസിൽദാർ വൈത്തിരി – 8547616601, കൽപ്പറ്റ ജോയിന്റ് ബി ഡി ഒ ഓഫീസ് – 9961289892, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093, അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ - 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688.

Trending

No stories found.

Latest News

No stories found.