തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗൂരുവായൂരിൽ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ. സുരക്ഷയുടെ ഭാഗമായി വിവാഹ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ പറഞ്ഞു.
ഈ മാസം 17ന് ഗൂരുവായൂരിൽ നടക്കാനിരുന്ന എല്ലാ വിവാഹങ്ങളും അന്നേ ദിവസം തന്നെ നടക്കും. വിവാഹങ്ങൾ മാറ്റിവച്ചെന്ന് തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കല്യാണ ദിവസമായ 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17-ാം തീയതി നടക്കുന്ന 48 വിവാഹങ്ങൾക്ക് പുലർച്ചെ 5നും -6നും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. എന്നാൽ രാവിലെ 6നും -9നും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു.